ന്യൂദല്‍ഹി : കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അഭിഭാഷക സംഘടനാ നേതാക്കള്‍ക്ക് തടവ് ശിക്ഷ. ജസ്റ്റിസ് രോഹിന്റന്‍ നരിമാന്റെ ഉത്തരവുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ശിക്ഷ. കുറ്റാരോപിതരായ മൂന്ന് അഭിഭാഷകര്‍ക്കും മൂന്ന് മാസത്തേയ്‌ക്കാണ് തടവ് ശിക്ഷയ്‌ക്ക് വിധിച്ചിരിക്കുന്നത്.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുര്‍ല, അഡ്വ. റാഷിദ് ഖാന്‍, അഡ്വ. നിലേഷ് ഒജാ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കോടതി അലക്ഷ്യക്കേസില്‍ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയ്‌ക്കെതിരെ സുപ്രീംകോടതി എടുത്ത നടപടിയുടെ പേരിലാണ് ജഡ്ജിമാര്‍ക്കെതിരെ അഭിഭാഷകര്‍ രംഗത്ത് എത്തിയത്. ജസ്റ്റിസ് റോഹിന്റണ്‍ നരിമാനെതിരെ മോശം പരാമര്‍ശം നടത്തിയതിന് മാത്യൂ നെടുമ്പാറയെ സുപ്രീംകോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും നേരത്തെ കോടതി വിലക്കിയിരുന്നു. അതിനെതിരെയാണ് അഭിഭാഷക സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ വിധിക്കെതിരെ പ്രചാരണം നടത്തുകയായിരുന്നു.
അതേസമയം ഇവര്‍ ചെയ്ത കുറ്റം വിട്ടയക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് ശിക്ഷാ വിധി പ്രസ്താവനയ്‌ക്കിടെ കോടതി അറിയിച്ചു. കോടതി അലക്ഷ്യ നിയപ്രകാരം മൂവരും ചെയ്തത് ക്രിമിനല്‍ കോടതി അലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: