വാഷിങ്ടണ്‍: പകുതിയിലധികം സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതോടെ അമേരിക്ക വീണ്ടും അപകടത്തിലേക്കെന്ന് സൂചന. ജൂണ്‍ ഒന്ന് മുതല്‍ ദിവസവും മൂവായിരം പേര്‍ വീതം കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ മരണനിരക്കിന്റെ ഇരട്ടിയാണിത്. ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ രോഗികളുടെ എണ്ണം ഇരുപത്തയ്യായിരത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലെത്തുമെന്നും കണക്കുകള്‍.
ആഗസ്‌തോടെ ആകെ മരണം 1,34,475 കടക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്റെ പ്രവചനം. ആദ്യ പ്രവചനങ്ങളേക്കാള്‍ ഇരട്ടിയാണിത്. നിലവില്‍ എഴുപതിനായിരം പേര്‍ രാജ്യത്ത് മരിക്കുകയും പന്ത്രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. 1,88,068 പേര്‍ക്ക് രോഗം ഭേദമായെങ്കിലും പതിനാറായിരത്തിലധികം പേരുടെ നില ഗുരുതരമാണ്.
ലോകത്താകെ മുപ്പത്തേഴ് ലക്ഷം വൈറസ് ബാധിതരാണുള്ളത്. 2,52,747 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പന്ത്രണ്ട് ലക്ഷം പേര്‍ രോഗമുക്തരായി. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞ് 49,653 ആയി.
റഷ്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും 10,000 പേര്‍ക്കു കൂടി കൊറോണ കണ്ടെത്തി. ഡോക്ടര്‍മാരില്‍ വൈറസ് വ്യാപനം ശക്തമായതോടെ രണ്ട് ഡസന്‍ ആശുപത്രികള്‍ പൂട്ടി ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി. മതിയായ സുരക്ഷയില്ലാതെ കൊറോണ ബാധിതരെ പരിശോധിക്കേണ്ടി വരുന്നതില്‍ റഷ്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: