കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സലീനയുടെ ക്ഷേമപെന്‍ഷന്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സിപിഎം നേതാവ് സതീശ് ചന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്‍റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്ന പദ്ധതി സിപിഎം പ്രാദേശിക നേതാക്കള്‍ തന്നെ അട്ടിമറിക്കുന്നതിന്റെ തെളിവുകളാണ് പുറത്തു വന്നത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒരു വയോധികയുടെ ക്ഷേമ പെന്‍ഷന്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഇതിനെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍, മണ്ഡലം പ്രസിഡണ്ട് ജയ്‌കിഷ്, കെ.വി. സുരേഷ്, ശശി അമ്പാടി എന്നിവര്‍ സംസാരിച്ചു.
തന്റെ വ്യാജ ഒപ്പിട്ട് പെന്‍ഷന്‍ തട്ടിയ ആളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സെലീന കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തി സബ് ഇന്‍സ്പക്ടര്‍ക്ക് പരാതി നല്‍കി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാത്തതു കൂടി പരിഗണിച്ചാണ് സെലീന ഇന്നലെ പരാതിയുമായി സ്റ്റേഷനിലെത്തിയത്.















