കോഴിക്കോട്: തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച വൈകിട്ടുമായുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകനാശം. കുറ്റ്യാടി, മരുതോങ്കര, കായക്കൊടി, വേളം, കാവിലുംപാറ പഞ്ചായത്തുകളില്‍ വ്യാപകനാശമാണുണ്ടായത്. കാറ്റില്‍ മരങ്ങള്‍ പൊട്ടിയും കടപുഴകിയും വീണ് ഇരുപതിലേറെ വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. മരുതോങ്കര പഞ്ചായത്തിലെ വാഴയില്‍ ജാനകി അമ്മയുടെ വീടാണ് മരങ്ങള്‍ പൊട്ടിവീണ് പൂര്‍ണമായും തകര്‍ന്നത്. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഴ കാരണം വീട്ടുകാര്‍ അയല്‍ വീടുകളിലേക്ക് പോയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
ജ്യോതി നിവാസിലെ മണിയമ്മ, ഏച്ചീലാട്ടുമ്മല്‍ സുധാകരന്‍, വള്ളിപറമ്പില്‍ രാജു, പുളക്കണ്ടി ബാലന്‍, വലിയപറമ്പില്‍ ബാലന്‍, എളളില്‍ ശിവദാസന്‍, കരണ്ടോട്കണ്ടി സജിത്ത്, നകുലന്‍ മാമ്പിലാട്, ചന്ദ്രന്‍ പാറചാലില്‍, ഗോവിന്ദന്‍ കാവില്‍, സുരേന്ദ്രന്‍ വലിയപറമ്പില്‍, തേങ്ങാകല്ലുമ്മല്‍ ചന്ദ്രന്‍, കുറ്റ്യാടിയിലെ ഊരത്ത് തറവട്ടത്ത് സുശീല ബാബു, വേളം പുളിക്കൂല്‍ കുഞ്ഞിരാമന്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. മൊയിലോത്ത കച്ചേരിതാഴ പുതുക്കോട്ട് കമലാക്ഷി അമ്മയുടെ പശുതൊഴുത്ത് തെങ്ങ് പൊട്ടിവീണ് ഭാഗികമായി തകര്‍ന്നു. തൊഴുത്തിലെ പശുക്കള്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
വേളം മണിമല കമ്മന നാണുവിന്റെ വീട്ടിലെ കിണറിന്റെ ആള്‍മറ കനത്ത മഴയില്‍ താഴ്ന്നു പോയി. കനത്തക്കാറ്റില്‍ വേളം ചെറുകുന്നിലെ കോട്ടക്കുന്നുമ്മല്‍ വി.സി. ദേവിയുടെയും സി.പി. നാണുവിന്റെയും വീട് തകര്‍ന്നു. വി.കെ. ചെക്കുവിന്റെ കൂട തകര്‍ന്നു. പറമ്പത്ത് ഇഖ്ബാല്‍, ഇടവലത്ത് നിസാര്‍, എന്നിവരുടെ വാഴകൃഷി കാറ്റില്‍ കടപുഴകി. മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയുടെ റബ്ബര്‍ തോട്ടം കാറ്റില്‍ നശിച്ചു. പുതുപ്പള്ളി തകിടിയേല്‍ മനോജിന്റെ കൃഷി വ്യാപകമായിനശിച്ചു.
കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലെ ഏക്കര്‍ കണക്കിന് വാഴ, തെങ്ങുകള്‍, റബ്ബര്‍, മറ്റു നാണ്യവിളകളും ശക്തമായ കാറ്റില്‍ നശിച്ചു. വേനല്‍മഴയില്‍ വീശിയ കാറ്റില്‍ മിക്ക പ്രദേശങ്ങളിലെയും വൈദ്യുതി ലൈനുകളിലും ട്രാന്‍ഫോര്‍മറുകളിലും മരങ്ങളും മറ്റും പൊട്ടിവീണതിനാല്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു.
പേരാമ്പ്ര: തിങ്കളാഴ്ച രാത്രി എട്ടരയോടെ വീശിയടിച്ച കനത്ത ചുഴലിക്കാറ്റില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട, പൂഴിത്തോട് മേഖലകളില്‍ വന്‍ നാശം. കൃഷിനാശം, വൈദ്യുതി തകരാര്‍ എന്നിവ സംഭവിച്ചു. ഒട്ടേറെ കര്‍ഷകരുടെ തെങ്ങ്, റബ്ബര്‍, കവുങ്ങ്, വാഴ, കപ്പ കൃഷി നശിച്ചു. വലിയ വിലപിടിപ്പുള്ള മരങ്ങളും കടപുഴകി വീണു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശം സംഭവിച്ചു. ചെമ്പനോട ബഥനി കോണ്‍വെന്റ് കെട്ടിട ഭാഗത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കാറ്റില്‍ പാറിപ്പോയി. അമ്മിയാം മണ്ണിലെ ചവറനാല്‍ വര്‍ക്കിച്ചന്‍, വടക്കേടത്ത് മാത്യു, പൊങ്ങംപാറ നിതിന്‍ തോമസ്, സിബി വെട്ടിക്കല്‍, ഷൈമോന്‍ വെട്ടിക്കല്‍, കാഞ്ഞിരക്കാട്ടു തൊട്ടിയില്‍ രാജു, ഷാജന്‍, റോയി എന്നിവര്‍ക്കാണു പ്രധാനനഷ്ടം. പൂഴിത്തോട്ടില്‍ സെബാസ്റ്റ്യന്‍ കപ്പിലാംമൂട്ടില്‍, കിടങ്ങയുള്ളതില്‍ രാജന്‍, പന്തപ്ലാക്കല്‍ ജോണി എന്നിവര്‍ക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.
ബാലുശ്ശേരി: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് വീണ് വീട് തകര്‍ന്നു. വട്ടോളി ബസാര്‍ ചീടിയത്തലത്ത് യശോദയുടെ ഓട് മേഞ്ഞ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്. ഇന്നലെ വൈകീട്ടാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. യശോദ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടന്‍ തന്നെ സമീപവാസികളെത്തി വീടിനു മുകളില്‍ വീണ തെങ്ങ് മുറിച്ചു മാറ്റുകയായിരുന്നു.
നാദാപുരം: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വേളം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പുളിക്കൂല്‍ കുഞ്ഞിരാമന്റെ വീടിന്റെ മുകളിലേക്കാണ് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മരം വീണത്. വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമയും തകര്‍ന്ന നിലയിലാണ്. കുഞ്ഞിരാമനും കുടുംബവും വീട്ടില്‍ ഉള്ള സമയത്തായിരുന്നു അപകടം. ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഒ.പി .മഹേഷ്, ഭരതന്‍, പഞ്ചായത്ത് പ്രസിഡന്റ് സി.പി. മോഹനന്‍, കെ.പി. സുരേന്ദ്രന്‍, സുജീഷ് കെ, കെ.സി. സുധീര്‍ രാജ് എന്നിവര്‍ സന്ദര്‍ശിച്ചു.















