കൊച്ചി: കേള്‍വിപോലുമില്ലാത്ത സാഹചര്യത്തിലൂടെ കടന്നു പോകുന്ന അവസരത്തില്‍ ഓര്‍ഡിനന്‍സിന് നീതീകരണമില്ലെന്നു പറയാനാവില്ലെന്ന് ഹൈക്കോടതി. സാലറി കട്ട് ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ തുക തിരിച്ചു നല്‍കുന്ന കാര്യം ആറു മാസത്തിനുള്ളില്‍ വ്യക്തമാക്കുമെന്ന് ഓര്‍ഡിനന്‍സിലുണ്ട്. ഇതു ലഭിച്ചില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ കഴിയും, കോടതി വ്യക്തമാക്കി. സംസ്ഥാനം നേരിടുന്ന സാഹചര്യം മറികടക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. നിയമ നിര്‍മാണ സഭയുടെ ഈ അധികാരത്തെ ചോദ്യം ചെയ്യാന്‍ കോടതിക്ക് കഴിയില്ല. നിയമപരമായ അധികാരം വിനിയോഗിച്ച് ശമ്പളം വൈകിപ്പിക്കാനുള്ള ഓര്‍ഡിനന്‍സാണ് ഇറക്കിയത്. ശമ്പളം പിടിക്കുകയല്ല, വൈകിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനാരോഗ്യം, സാമ്പത്തികം തുടങ്ങിയവ കണക്കിലെടുത്താണ് ഓര്‍ഡിനന്‍സെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിലവിലെ അസാധാരണ സാഹചര്യത്തില്‍ നിശ്ചിത ശമ്പളം കുറച്ചു കാലത്തേക്ക് വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ജീവനക്കാരുടെ ശമ്പളം പിടിക്കുകയല്ലെയെന്നുമുള്ള സര്‍ക്കാര്‍ വാദം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു.
സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നു പിടിക്കുന്ന തുക കൊറോണ ഭീഷണിയെ തുടര്‍ന്നുള്ള സാഹചര്യം കൈകാര്യം ചെയ്യാനാണ് ഉപയോഗിക്കുകയെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി രേഖപ്പെടുത്തി. തുക മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ ഏപ്രില്‍ 23 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന് നിയമപരമായ പിന്‍ബലമില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതു പരിഹരിച്ച് സര്‍ക്കാര്‍ ഏപ്രില്‍ 30 ന് ഓര്‍ഡിനന്‍സ് ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: