കാസര്‍കോട്: തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കോവിഡ് സംബന്ധമായ ഡ്യൂട്ടിക്കായി ഹെല്പ് ഡെസ്കുകളില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് യാത്രയ്ക്കും മറ്റും മതിയായ സംരക്ഷണമൊരുക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തലപ്പാടി ചെക്കുപോസ്റ്റ് വഴി കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കേരളീയര്‍ക്കു പരിശോധന നടപടികള്‍ക്കായി നൂറു കണക്കിന് അധ്യാപകരെയാണ് അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ടെങ്കിലും രാത്രി കാലത്തെത്തിച്ചേര്ന്ന അധ്യാപകര്‍ക്ക് ഒരു സുരക്ഷ സൗകര്യങ്ങളും ലഭ്യമാക്കിയില്ലെന്ന് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയവര്‍ പരാതിപ്പെടുന്നു.
രോഗ പ്രതിരോധ സുരക്ഷ ലഭിക്കാതെ തിരിച്ചു നാട്ടിലെത്തുന്നവര്‍ രോഗ ഭീഷണിയിലാകുന്നത് അപകടകരമായ സാഹചര്യമാണ് ക്ഷണിച്ച് വരുത്തുകയെന്നും അതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി വെങ്കപ്പഷെട്ടി, ഉത്തര മേഖലാ സെക്രട്ടറിപ്രഭാകരന് നായര്‍, ജില്ലാ അധ്യക്ഷന്‍ രാധാകൃഷ്ണ നായക് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: