കോഴിക്കോട്: ഓര്‍ഡിനന്‍സിലൂടെ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള എന്‍ജിഒ സംഘിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ മെയ് അഞ്ച് സിവില്‍ സര്‍വീസ് സംരക്ഷണ ദിനമായി ആചരിച്ചു. ജില്ലയിലെ സിവില്‍ സ്റ്റേഷന്‍, ജില്ലാ കോടതി, ഫറോക്ക് സബ് ട്രഷറി, മെഡിക്കന്‍ കോളേജ് തുടങ്ങി പത്തോളം കേന്ദ്രങ്ങളില്‍ സിവില്‍ സര്‍വീസ് സംരക്ഷണം ദിനാചരണപരിപാടികള്‍ നടന്നു.
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയ്‌ക്ക് എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് പി. അജിത് കുമാര്‍, സംസ്ഥാന സെക്രട്ടറി ടി. ദേവാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസ്, റവന്യൂ തുടങ്ങിയ മറ്റ് ജീവനക്കാരുടേയും ശമ്പളവും പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഓര്‍ഡിനന്‍സിലൂടെ ജനവിരുദ്ധമാണെന്ന് പി.അജിത്കുമാര്‍ പറഞ്ഞു.
മറ്റ് പല സംസ്ഥാനങ്ങളും ഇത്തരം ജീവനക്കാര്‍ക്ക് അധികശമ്പളം നല്‍കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തികച്ചും ഏകപക്ഷീയമാണ്. ശമ്പളം പിടിച്ചെടുക്കാനുളള ഓര്‍ഡിനന്‍സ് പിന്‍വലിക്കണം. ജീവനക്കാര്‍ക്ക് അവരരുടെ കഴിവിനനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പി. അജിത് കുമാര്‍ ആവശ്യപ്പെട്ടു.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സെക്രട്ടറി പി.കെ. ഷാജി, ശശികുമാര്‍, സുരേഷ്, രാമചന്ദ്രന്‍, എന്‍. ബിജു, കൗശിക്ക്, രാജന്‍ കരുവാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















