കൊറോണക്കാലത്ത് അന്യനാടുകളില്‍ പെട്ടുപോയവര്‍ക്ക് സ്വന്തം സ്ഥലത്ത് എത്തണമെന്ന് തോന്നുന്നത് സ്വാഭാവികം. പ്രത്യേകിച്ചും ഒരു മഹാമാരി ഇവ്വിധം ഘോര താണ്ഡവമാടുമ്പോള്‍. അവരെ യഥാസമയം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി താമസംവിനാ സ്വന്തം നാട്ടിലെത്തിക്കുകയെന്നതത്രേ കാര്യക്ഷമമായ ഒരു ഭരണകൂടത്തിന്റെ ചുമതല. സംഗതിവശാല്‍ കേരളത്തിന്റെ കാര്യത്തില്‍ അങ്ങനെ നടക്കുന്നു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. എന്നാല്‍ പ്രചാരണങ്ങള്‍ക്ക് ഒരുകുറവുമില്ലതാനും.
കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്തെ വിവിധ ചെക്പോസ്റ്റുകളില്‍ക്കൂടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജനങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവരില്‍ സ്വന്തമായി വാഹനം ഉള്ളവര്‍ക്കു മാത്രമേ നാട്ടിലേക്കെത്താനാവൂ എന്ന സ്ഥിതിയാണുള്ളത്. ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷം മലയാളികളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ സ്വന്തമായി വാഹനമുള്ളവര്‍ എത്രയുണ്ടെന്ന് അറിയുന്നില്ല. മുഴുവന്‍ മലയാളികളേയും നാട്ടിലേക്കെത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ പൂര്‍ണമായി മനസ്സു വെക്കണം. ഇതില്‍ കാല്‍ശതമാനത്തിനു പോലും സ്വന്തം വാഹന സൗകര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ സ്ഥിതി ദയനീയമല്ലേ?
ചെക്പോസ്റ്റിലെത്തി വാഹനസൗകര്യമില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടായിക്കൂടാ. അത്തരക്കാരെ കൊണ്ടുവരാനായി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പെടുത്താനാവും. ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളിയെന്ന് ഓമനപ്പേരു ചാര്‍ത്തി സകല സൗകര്യവും ചെയ്തുകൊടുക്കുന്ന സര്‍ക്കാരിന് തന്നാട്ടുകാരോട് എന്താണൊരു അകല്‍ച്ച. സ്വന്തം വാഹനം ഏര്‍പ്പെടുത്താന്‍ കഴിയാത്തവര്‍ പൊതുഗതാഗതം ശരിയാകുന്നതുവരെ അതാതിടങ്ങളില്‍ നില്‍ക്കണമെന്നാണോ? അതോ ഓരോ ചെക്പോസ്റ്റിലും തമ്പടിച്ചു കഴിയണമെന്നോ? നാഴികക്ക് നാല്പതുവട്ടം കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണമുന്നയിക്കാന്‍ കാണിക്കുന്ന ഔത്സുക്യത്തിന്റെ പത്തിലൊരു ശതമാനം താല്പര്യം ഇക്കാര്യങ്ങളിലൊന്നും കാണിക്കാത്തതെന്തേ? ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയാന്‍ കഴിയുന്നവ നിത്യേന വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി ഘോഷിക്കുന്ന മുഖ്യമന്ത്രിക്ക് ഇത്രയും പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് നേരറിവൊന്നുമില്ലേ? അല്ല, അത്തരക്കാര്‍ എങ്ങനെയെങ്കിലും നാട്ടില്‍ എത്തുമെന്ന നിസ്സംഗ മനോഭാവമാണോ?
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ സ്വന്തം നാട്ടുകാരെ കൊണ്ടുവരാനായി കൃത്യമായ ആസൂത്രണത്തോടെ വിവിധ സംസ്ഥാനങ്ങള്‍ ട്രെയിന്‍ സൗകര്യത്തിന് കേന്ദ്രത്തെ സമീപിച്ചിട്ടും തങ്ങളൊന്നുമറിയില്ല എന്ന നിലപാടല്ലേ സംസ്ഥാന സര്‍ക്കാറിന്റേത്. എന്നിട്ട് അനാവശ്യ രാഷ്ട്രീയാരോപണങ്ങള്‍ വഴി ജനസമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നു. ഉപായം കൊണ്ട് ഓട്ട അടയ്ക്കുകയെന്ന നാട്ടുപ്രയോഗം സംസ്ഥാന സര്‍ക്കാറിന് തികച്ചും യോജിച്ചതാണെന്ന് പറയേണ്ടി വരും. കേരളം കോവിഡ് മുക്ത സംസ്ഥാനമാക്കാനുള്ള ശ്രമം സര്‍ക്കാര്‍ പ്രശംസനീയമായ തരത്തില്‍ നടത്തുന്നുണ്ടെന്നു പറയുമ്പോള്‍ തന്നെ ഇവിടെ തിരിച്ചറിയപ്പെടാത്ത ഇരുനൂറോളം കോവിഡ് രോഗികളുണ്ടെന്ന പഠനം ആശങ്ക പരത്തുന്നുണ്ട്. കേരളത്തിലെയും വിവിധ രാജ്യങ്ങളിലെയും കോവിഡ് ബാധിതരുടെ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നുള്ള നിഗമനമാണിത്. കോവിഡ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് ഇങ്ങോട്ടു പോരാന്‍ അവസരം നല്കുമ്പോള് സ്ഥിതിഗതികള്‍ എന്താവുമെന്ന് പറയാനാവില്ല. വരുന്നവരെ കൃത്യമായി പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞില്ലെങ്കില്‍ ഭയാനകമായ അവസ്ഥയാണുണ്ടാവുകയെന്ന് പ്രത്യേകം പറയേണ്ടതില്ല. കരുതലും കനിവും ക്രിയാത്മകമായ നടപടികളുമാണ് ഒരു സര്‍ക്കാറിനെ പ്രിയങ്കരമാക്കുന്നത്, ഉത്തരവാദിത്തമുള്ളവരും. ചാനല്‍ സാന്നിധ്യവും മറ്റും അതിന്റെ പിന്നിലേ വരൂ. ചെയ്യാനുള്ളത് മാറ്റി വെച്ചും പ്രാധാന്യം മറ്റു പലതിനു നല്‍കിയും കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ നമ്പര്‍വണ്‍ ആണെന്നു കാണിക്കാനുള്ള വിഫലശ്രമം ബോധവാന്മാരായ ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: