കൊച്ചി: കൊറോണ രോഗബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങി. വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. നാളെ മുതലാണ് പ്രവാസികള്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2,150 പ്രവാസികള്‍ എത്തും. ആദ്യദിവസം അബുദാബി, ദോഹ എന്നിവിടങ്ങളില്‍ നിന്ന് 200 പേര് വീതം മടങ്ങിയെത്തും.
തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന് അടക്കം വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവാസികളെ സംബന്ധിച്ചുളള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ജില്ലയില്‍ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. എട്ടിന് ബഹറിനില്‍ നിന്ന് 200 പേരും ഒന്‍പതിന് കുവൈറ്റ്, മസ്ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം 200, 250 പേര് വീതവും എത്തിച്ചേരും. പത്താം തീയതി കോലാലംപൂരില്‍ നിന്നും 250 പേരും 11ന് ദുബായി, ദമാം എന്നിവിടങ്ങളില്‍ നിന്നും 200 പേര് വീതവും എത്തും. 12ന് കോലാലംപൂരില്‍ നിന്നും 250 പേരും 13ന് ജിദ്ദയില്‍ നിന്ന് 200 പേരുമാണ് ജില്ലയില്‍ എത്തുക.
ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും.
വിദേശത്തു നിന്നെത്തുന്നവരെ താമസിപ്പിക്കാനുള്ള നിരീക്ഷണ കേന്ദ്രങ്ങളും ജില്ലയില്‍ സജ്ജമാണ്. ജില്ലയിലാകെ നാലായിരം വീടുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും അറ്റാച്ച്ഡ് ബാത്ത്റൂം സംവിധാനവുമുള്ള വീടുകള്‍ മാത്രമേ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മുമ്പ് ഗ്രാമപഞ്ചായത്തുകളില്‍ മാത്രം നാലായിരത്തിലധികം വീടുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും അസൗകര്യങ്ങള്‍ മൂലം നിരവധി വീടുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഗ്രാമപഞ്ചായത്ത് പരിധിയില്‍ രണ്ടായിരത്തി ഇരുനൂറ് വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ രണ്ടായിരം വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമെ ഹോട്ടലുകളിലും ഹോസ്റ്റലുകളിലും വിദേശത്തു നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനായി ഡബിള്‍ ചേംബര്‍ ടാക്സി കാറുകളും തയ്യാറാക്കിയിട്ടുണ്ട്.
യോഗത്തില്‍ എഡിഎം കെ. ചന്ദ്രശേഖരന് നായര്‍, ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്, സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍സിങ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്, ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയര്‍ പങ്കെടുത്തു.
തിരക്കൊഴിവാക്കാന്‍ നിയന്ത്രണം
കൊച്ചി: കൊറോണ ജാഗ്രതയുടെ ഭാഗമായി ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹന ഉപയോഗം നിരോധിച്ച് കളക്ടറുടെ ഉത്തരവ്. തിരക്ക് ഒഴിവാക്കുന്നതിനായി പ്രദേശത്തെ കടകള്‍ ഇടത്, വലത് വശങ്ങള് തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം.
കിഴക്ക്-പടിഞ്ഞാറ്, തെക്ക്-വടക്ക് ദിശകളിലെ വലത് വശത്തുള്ള കടകള്‍ നാളെ തുറക്കും. ഇടത് വശത്തെ കടകള്‍ അടഞ്ഞ് കിടക്കും. അടുത്ത ദിവസം ഇടത് വശത്തെ കടകള്‍ തുറക്കുമ്പോള്‍ വലത് വശത്തെ സ്ഥാപനങ്ങള്‍ അടയ്ക്കണം. മാര്‍ക്കറ്റിലും പരിസരങ്ങളിലും സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.
വിമാനത്താവളവും തുറമുഖവും സജ്ജം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. മുന്‍ അനുഭവങ്ങള്‍ കണക്കിലെടുത്ത് അപാകതകള്‍ പരിഹരിച്ചാണ് പ്രവര്‍ത്തന സജ്ജമാകുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും രോഗബാധ ഒഴിവാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് മുന്‍കൂട്ടി സ്വീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവരുമായുള്ള ആദ്യഘട്ട സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി ഇതു പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. പരിശോധനയ്ക്കായി ചുമതലപ്പെടുത്തുന്നവരുടെ എണ്ണവും കുറക്കാന്‍ ഇതു സഹായകമാവുമെന്നാണ് പ്രതീക്ഷ.
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിക്കാനായി തെര്‍മല്‍ സ്കാനറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ ശരീര ഊഷ്മാവ് ഉയര്‍ന്ന നിലയിലുള്ളവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ തുടര്‍ പരിശോധനയ്ക്ക് അയയ്ക്കും.
വിദേശത്തു നിന്നെത്തുന്നവരുടെ വിവരങ്ങള്‍ അപഗ്രഥിക്കാനാവശ്യമായ ഉപകരണങ്ങള്‍ ക്രമീകരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ക്കും നിര്‍ദേശം നല്കി. നിലവില്‍ തുറമുഖത്ത് തെര്‍മല്‍ സ്കാനിങ്ങ് സംവിധാനമില്ലെങ്കിലും ഉടന്‍ തന്നെ ലഭ്യമാക്കും. വിമാനത്താവളത്തിലെയും തുറമുഖത്തെയും കൊറോണ നോഡല്‍ ഓഫീസര്‍ ഡോ. ഹനീഷിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: