ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) ആഗോള സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു പ്രവചനം നടത്തിയത്. ആഗോള സാമ്പത്തിക രംഗം 2020ല്‍ മൂന്ന് ശതമാനം ചുരുങ്ങുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച 1.9 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചു. അടുത്ത വര്‍ഷം വളര്‍ച്ചാ നിരക്ക് 5.8 ശതമാനമായിരിക്കുമെന്നും ഐഎംഎഫ് റിപോര്‍ട്ട് ചൂണ്ടികാട്ടി.
ആഗോള വ്യാപാര സമവാക്യങ്ങളുടെയും ഓരോ രാജ്യം നേരിടുന്ന പകര്‍ച്ചവ്യാധിയുടെ രൂക്ഷതയുടെയും അടിസ്ഥാനത്തിലുള്ള അടച്ചിടല്‍ (ലോക്ക് ഡൗണ്‍) പരിഗണിച്ചാണ് പ്രവചനം. ചിലര്‍, കൊറോണ അടുത്ത വര്‍ഷവും ആവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നു. വര്‍ഷകാലമായാല്‍ കൊറോണ മഹാമാരി ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നവരുമുണ്ട്.
രോഗ വ്യാപനത്തിന്റെ പിന്നിലൂടെ ചൈന കച്ചവട താത്പര്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് വന്‍ശക്തികള്‍ക്ക് മനസ്സിലാകുന്നു. അതിന്റെ പശ്ചാത്തലത്തില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറായാല്‍ ആഗോളതലത്തില്‍ സ്ഥിതിഗതികള്‍ മാറിമറിയാം. കഴിഞ്ഞ ഏതാനും വര്‍ഷമായി ചൈന ആഗോള സാമ്പത്തിക രംഗത്ത് മേധാവിത്വം ഉറപ്പിക്കാന്‍ തീവ്രമായ ശ്രമം നടത്തുകയും അമേരിക്കയുമായി ഒരു തുറന്ന വ്യാപാര യുദ്ധത്തിന് വഴി തുറക്കുകയും ചെയ്തു. ആഗോള സമ്പദ് വ്യവസ്ഥയുടെ മേല്‍ ഏകാധിപത്യ രാജ്യമായ ചൈനയുടെ ആധിപത്യം അംഗീകരിക്കാന്‍ ലോക രാഷ്‌ട്രങ്ങള്‍ തയ്യാറല്ല. നിലവില്‍ അമേരിക്കന്‍ നാണയമായ ഡോളറാണ് ലോകത്ത് പ്രബലമായ കരുതല്‍ നാണയം. കാരണം മിക്ക രാഷ്‌ട്രങ്ങളും അവരുടെ ആഗോള വ്യാപാര വിനിമയ ആവശ്യങ്ങള്‍ക്ക് കരുതല്‍ പണമായി സെന്‍ട്രല്‍ ബാങ്കുകളില്‍ കരുതുന്നത് ഡോളറാണ്. അത് തന്നെയാണ് അമേരിക്കന്‍ നാണയത്തിന്റെ ശക്തിയും, അമേരിക്കന്‍ കമ്പനികള്‍ക്കുള്ള നേട്ടവും. ഡോളറിന്റെ നിലവിലുള്ള ഈ സ്ഥാനം യുവാന്‍ നേടിയെടുക്കുക എന്നതാണ് ചൈനയുടെ സ്വപ്‌നം. അതിനുള്ള ബഹുമുഖ തന്ത്രങ്ങളും ചൈന പ്രയോഗിക്കുകയാണ്. ഇത് അത്യന്തം അപകടകരമായിരിക്കുമെന്ന് അമേരിക്കയ്‌ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമറിയാം.
അമേരിക്ക പോലുള്ള വിപണിയില്‍ ചൈന ഇതിനകം ഒരു വന്‍ ശക്തിയായത് അവരുടെ അതിശയിപ്പിക്കുന്ന ഉല്‍പാദനക്ഷമതയും, ഏകാധിപത്യത്തിലൂടെയുള്ള നിക്ഷേപ നയങ്ങളുടെ ചോദ്യം ചെയ്യപ്പെടാതെയുള്ള സ്ഥിരതയുമാണ്. കോവിഡ് 19 മഹാമാരി അമേരിക്കയിലും യൂറോപ്പിലും ഉണ്ടാക്കുന്ന നഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ചൈന മുതലെടുക്കാന്‍ ശ്രമിക്കുന്നതും ലോകരാജ്യങ്ങള്‍ സുസൂക്ഷ്മം വീക്ഷിക്കുകയാണ്. കോവിഡ് 19ന്റെ പിന്നിലെ ചൈനയുടെ കളി ചില രാജ്യങ്ങള്‍ ചോദ്യംചെയ്ത് തുടങ്ങി. അമേരിക്കയിലും യൂറോപ്പിലും മഹാമാരി വ്യാപിച്ചതോടെ മരുന്നുകളുടേയും വ്യക്തി സുരക്ഷാ കവചങ്ങളുടെയും മുഖം മൂടികളുടേയും ആവശ്യം ത്വരിതഗതിയില്‍ വര്‍ദ്ധിച്ചു. അത് വഴി ചൈന നേരത്തേ തയ്യാറാക്കിയ ലക്ഷ്യം നേടുകയായിരുന്നു. കോവിഡ്19നെ നേരിടാന്‍ അന്‍പതിലധികം രാജ്യങ്ങളില്‍ ചൈന ഇതിനകം വന്‍തോതില്‍ ചികിത്സ സാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്. ഇതിനെ യൂറോപ്യന്‍ യൂണിയനിലെ ചിലര്‍ ചൈനയുടെ ‘മഹാമനസ്‌കതയുടെ തന്ത്രം’ എന്നാണ് വിളിച്ചത്. എന്നാല്‍ കയറ്റി അയച്ചവയില്‍ വലിയ ഭാഗം സാധനങ്ങള്‍ ഗുണനിലവാരം കറഞ്ഞതിന്റെ പേരില്‍ ഒട്ടുമിക്ക രാജ്യങ്ങളും മടക്കി അയച്ചു.
‘കോവിഡ് 19ന് ശേഷമുള്ള കാലം, മഹാമാരിയേ നേരിടാന്‍ ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യം ഉയര്‍ന്ന് വരും’ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുകയുണ്ടായി. പാശ്ചാത്യ രാജ്യങ്ങളിലെ വിപണിയില്‍ നിലവാരമില്ലാത്ത ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് പകരമായി എത്തുന്ന ഗുണനിലവാരമുള്ള ഇന്ത്യന്‍ സാധനങ്ങള്‍ വാങ്ങാനായിരിക്കും ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നത്. മഹാമാരി നിയന്ത്രണത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടവും, മരുന്ന് പോലുള്ള അവശ്യവസ്തുക്കള്‍ എത്തിക്കുന്നതില്‍ കാണിച്ച ആത്മാര്‍ത്ഥതയും ലോക രാഷ്‌ട്രങ്ങള്‍ പ്രശംസിക്കുകയുണ്ടായി.
ഇന്ത്യക്ക് നേടാന്‍
വാണിജ്യ രംഗത്ത് ആഗോളതലത്തില്‍ ഇന്ത്യയുടെ പങ്ക് സാധാരണ സാഹചര്യത്തില്‍ തന്നെ വര്‍ദ്ധിക്കുകയായിരുന്നു. ആഗോള മൊത്ത ഉല്‍പാദനം മൂന്ന് ശതമാനം കുറയുമെന്ന് കണക്ക് കൂട്ടുമ്പോള്‍ ഐഎംഎഫ് സൂചിപ്പിക്കുന്ന ഇന്ത്യയുടെ 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച സ്വാഭാവികമായും ആഗോള വാണിജ്യ രംഗത്ത് ഇന്ത്യയുടെ പിടി കൂടുതല്‍ ശക്തമാകുമെന്നാണ് കണക്ക് കൂട്ടേണ്ടത്. മാത്രമല്ല ലോക വിപണിക്ക് പുതിയ പ്രതീക്ഷ ഇന്ത്യയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന ഇന്ത്യയുടെ സ്വീകാര്യതയും മാറി വരുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് ലഭ്യമാകുന്ന അവസരങ്ങളും കണക്കാക്കിയാല്‍ സാമ്പത്തിക വളര്‍ച്ച 1.9 ശതമാനത്തില്‍ കൂടുതല്‍ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം. മഹാമാരിയുടെ പേരിലുള്ള അടച്ചിടല്‍ മറ്റ് സമ്പദ്ഘടനയേ ബാധിക്കുന്നത് പോലെ ഇന്ത്യയേ ബാധിക്കാന്‍ സാധ്യതയില്ല. പ്രധാന കാരണങ്ങളിലൊന്ന്, നമ്മുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കാര്‍ഷിക മേഖലയുടെ പങ്ക് ആഗോള ശരാശരിയേക്കാള്‍ കൂടുതലും, മഹാമാരി കൊണ്ട് ഏറ്റവും നഷ്ടം നേരിടുന്ന വിനോദസഞ്ചാരം ഹോട്ടല്‍ എന്നീ മേഖലകളുടെ സ്വാധീനം ആഗോള ശരാശരിയേക്കാള്‍ കുറവുമാണ്. അടച്ചിടല്‍ കൊണ്ട് കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ സാധ്യതയില്ല. രണ്ടാമത്തെ കാരണം എല്ലാ മേഖലയിലും, സമയബന്ധതിമായി ഉപയോഗിക്കുന്ന സാധനങ്ങളുടെ നിര്‍മ്മാണം ഒഴിച്ചാല്‍, അടച്ചിടല്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ താല്‍ക്കാലികമാണ്. പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ സ്വാഭാവികമായും സാധനങ്ങളുടെ ‘ഡിമാന്റ്’ വര്‍ദ്ധിക്കും. വിറ്റഴിയാത്ത അവശ്യവസ്തുക്കളുടെ സ്റ്റോക്കുകള്‍ വിപണിയില്‍ വിറ്റഴിയുകയും ചെയ്യും. മൂന്നാമത്തെ കാരണം സേവന മേഖലയില്‍ പ്രധാനപ്പെട്ട ഐടി, ബാങ്കിങ് എന്നിവയുടെ പ്രവര്‍ത്തനം അടച്ചിടല്‍ കൊണ്ട് നഷ്ടങ്ങള്‍ നേരിടുന്നില്ല എന്ന് വ്യക്തമാണ്. കണ്‍സ്യൂമര്‍ രംഗത്തുള്ള ഇ-കോമേഴ്‌സ് നേരിടുന്ന നഷ്ടം ഭാഗികമായി പാരമ്പര്യ രീതിയിലുള്ള അവശ്യവസ്തുക്കളുടെ കച്ചവടത്തിന് ഗുണം ചെയ്തു. നാലാമത്തെ കാരണം, ഇന്ത്യന്‍ നിര്‍മാണ രംഗത്ത് പല മേഖലകളിലും കയറ്റുമതി ഡിമാന്റുകള്‍ വര്‍ദ്ധിക്കുന്നു എന്നാണ് സൂചന. ലോക്ക് ഡൗണ്‍ തീര്‍ന്നാലുടന്‍ ഫാക്ടറികള്‍ അവയുടെ പൂര്‍ണ്ണ ശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ വര്‍ദ്ധിച്ച് വരുന്ന ചൈനയോടുള്ള വിയോജിപ്പും ഗുണനിലവാരത്തിലുള്ള അവിശ്വാസ്യതയും ഏറെ ഗുണം ചെയ്യുന്നത് ഇന്ത്യക്കായിരിക്കും. ഹെവി എഞ്ചിനിയറിങ്ങുമായി ബന്ധപ്പെട്ട ചില മേഖലകളും, ചില അസംസ്‌കൃത വസ്തുക്കളും ഒഴിച്ചാല്‍ മിക്ക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് പാശ്ചാത്യ വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ പുറത്തിറക്കിയ അഞ്ച് വര്‍ഷത്തേക്കുള്ള ഫോറിന്‍ ട്രെയ്ഡ് പോളിസി ലക്ഷ്യമിട്ടിരുന്നത് 900 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരുന്നു. അത് വഴി ആഗോള വിപണിയില്‍ ഇന്ത്യയുടെ ഓഹരി 3.5 ശതമാനത്തില്‍ എത്തിക്കുകയും. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തുകയും ചെയ്തു. മറ്റൊരു പ്രധാന ലക്ഷ്യം വ്യാപാര കമ്മി കുറക്കുക എന്നതാണ്.
നിലവില്‍ ഇന്ത്യക്ക് ആവശ്യമുള്ള ഇന്ദനത്തില്‍ 82 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ദന ഇറക്കുമതി മാത്രം മൊത്തം ഇറക്കുമതിയുടെ ശരാശരി 33 ശതമാനമാണെന്ന് കണക്കാക്കുന്നു. സ്ഥിരതയില്ലാത്ത ക്രൂഡിന്റെ വിലയും അനിയന്ത്രിതമായ ഉപയോഗവും വ്യാപാര കമ്മിയുടെ ഏറ്റക്കുറവിനെ ഗണ്യമായി സ്വാധീനിക്കുന്നു. എന്നാല്‍ ലോകം മുഴുവന്‍ മഹാമാരിയില്‍ സ്തംഭിച്ചപ്പോള്‍ ഉണ്ടായ ഇന്ദന വിലയിടിവ് ഏറ്റവും ഗുണകരമാകുന്നത് സ്ഥിരമായി വ്യാപാരകമ്മി എന്ന ഭീഷിണി നേരിടുന്ന ഇന്ത്യക്ക് തന്നെയാണ്. ഇത് സാധനത്തിന്റെ വില കുറയുന്നതിനെ ഗണ്യമായി സ്വാധീനിക്കുമെന്ന് മാത്രമല്ല പല രീതിയിലും കമ്പനികളുടെ നിര്‍മ്മാണ ക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഇന്ത്യന്‍ വ്യവസായത്തിന്റെ ഗണ്യമായ വളര്‍ച്ച, ഉറപ്പ് വരുത്തുന്നു.
(7021320631)
















