കാസര്‍കോട്: അപ്രതീക്ഷിതമായി ഇന്നലെ വൈകിട്ട് മുതല്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റും വേനല്‍മഴയും ഇടിമിന്നലും കാസര്‍കോട്ട് പരക്കെ നാശം വിതച്ചു. ഞായറാഴ്ച വൈകിട്ടും രാത്രിയുമാണ് ജില്ലയിലെ പല സ്ഥലങ്ങളിലും കനത്ത വേനല്‍ മഴയും കാറ്റും ഇടിയുമുണ്ടായത്. മടിക്കൈ പുതിയ കണ്ടത്തില്‍ ശക്തമായ കാറ്റിലും മഴയിലും ആയിരക്കണക്കിന്ന് വാഴയും, കവുങ്ങും, തെങ്ങും നശിച്ചു. മാവുങ്കാല്‍, അരയി, കുളിയങ്കാല്‍, അലാമിപള്ളി, കോയമ്മല്, വിഷ്ണുമംഗലം, മാണിക്കോത്ത്, അതിഞ്ഞാല്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍, വൈദ്യുത തൂണുകളും കെട്ടിടങ്ങളിലെ മേല്‍ക്കൂരകള്‍ അടക്കം നിലംപൊത്തി. മടിക്കൈ കണിയില്‍ പദ്മനാഭന്റെ വീടിനു തെങ്ങ് വീണു. ആളപായമുണ്ടായില്ല.
അതിഞ്ഞാലില്‍ വൈദ്യുത തൂണ് പൊട്ടിവീഴുമ്പോള്‍ അതുവഴി ബേക്കല്‍ ഭാഗത്തു നിന്നു ഡ്യൂട്ടി കഴിഞ്ഞു കാഞ്ഞങ്ങാടു ഭാഗത്തേക്കു വരുകയായിരുന്നവന്ന രജ്ഞിത്ത്, അജയന് എന്നീ പോലീസുകാര്‍ അത്ഭുതകമായി രക്ഷപ്പെട്ടു. ഇവരുടെ ഹെല്‍മെറ്റില്‍ വൈദ്യുത കമ്പി തട്ടിയതായി ഇവര്‍ വെളിപ്പെടുത്തി. ബേക്കലില്‍ ലോറിയപകടത്തില്പ്പെട്ടു ഒരാള്‍ കുടുങ്ങി കിടന്നു.
ഇയാളെ കാഞ്ഞങ്ങാടു നിന്ന് അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി.
പലയിടങ്ങളിലും വൈദ്യുതി പൂര്‍ണമായും നിലച്ചു. ചിലയിടങ്ങളില്‍ കെഎസ്ഇബി അധികൃതര്‍ പാടുപെട്ട് രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിച്ചെങ്കിലും പല സ്ഥലങ്ങളും ഇന്നലെ വൈകീട്ടോടെയാണ് ഭാഗികമായെങ്കിലും വൈദ്യുതി പുന: സ്ഥാപിക്കാനായത്. ചെമ്മട്ടംവയല്‍ കാലിച്ചാനടുക്കം റോഡില്‍ നന്ദപുരം കുന്നില്‍ 4 എച്ച് ടി ലൈന്‍ പൊട്ടി റോഡില്‍ വീണു ഗതാഗതം നിലച്ചു.
മൈലാട്ടി കാഞ്ഞങ്ങാട് 110 കെ.വി. ലൈന്‍ തകരാറിലായതിനാല്‍ കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നീ 110 കെ.വി. സ്റ്റേഷന് പരിധിയിലും അവിടെ നിന്നു ഫീഡ് ചെയ്യുന്ന 33 കെ.വി.സ്റ്റേഷനുകളായ കാഞ്ഞങ്ങാട് ടൗണ്‍, ബേളൂര്‍, നീലേശ്വരം, തൃക്കരിപ്പൂര്‍, വെസ്റ്റ് എളേരി സ്റ്റേഷനുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങി. ഇടിമിന്നല്‍ മൂലം ഡിസ്ക് ഫ്ളാഷായതാണ് കാരണം.
എല്‍ എംഎസ്ടീം വൈദ്യുതി പുന:സ്ഥാപിച്ചു. തളങ്കരയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് നിലംപതിച്ച് വൈദ്യുതി ബന്ധം താറുമാറായി. ഏറെ പരിശ്രമത്തിനൊടുവില്‍ രാത്രി 2.30 മണിയോടെ വൈദ്യുതി പുന:സ്ഥാപിച്ചു.
ബദിയടുക്ക: ഏത്തടുക്ക റോഡില്‍ പള്ളത്തടുക്ക മുദ്ദു മന്ദിരത്തിന് സമീപം കാറ്റില്‍ മരം കടപുഴകി വൈദ്യുതി തൂണില്‍ വീണു. ഇതോടെ വൈദ്യുതി തൂണും ഒടിഞ്ഞുവീണു. ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ അമ്പതോളം വീടുകളിലെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു. ദേലമ്പാടി പഞ്ചായത്തിലെ പള്ളഞ്ചിയിലും പരിസരങ്ങളിലും നാശനഷ്ടമുണ്ടായി. പള്ളഞ്ചിയിലെ സുലൈമാന്‍, അക്കര അബ്ദുല്ല, സൂപ്പി പള്ളഞ്ചി, ഹുസൈന് പള്ളഞ്ചി, ബി.എച്ച് മുഹമ്മദ് തുടങ്ങിയവരുടെ കോണ്‍ക്രീറ്റ് വീടിന് മുകളില്പാകിയ ഷീറ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ലത്തീഫ് പള്ളഞ്ചി, ലക്ഷ്മണ നായക്, ജനാര്‍ദ്ദന, സൂപ്പി പള്ളഞ്ചി, ടി.കെ അബ്ദുല്ല കുഞ്ഞി എന്നിവരുടെ തോട്ടങ്ങളില്‍ നൂറോളം കവുങ്ങുകളും വാഴകളും ആഞ്ഞടിച്ച കാറ്റില്‍ നിലംപൊത്തി.
വേനല്‍മഴയില്‍ മലയോരത്ത് പരക്കെ നാശനഷ്ടമുണ്ടായി. നിരവധിയാളുകളുടെ കാര്‍ഷിക വിളകളാണ് നശിച്ചത്. കാറ്റില്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, വാഴ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ നശിച്ചു. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രയാസം നേരിടുന്ന കര്‍ഷകര്‍ക്ക് വേനല്‍ മഴയിലുണ്ടായ നാശം ഇരുട്ടടിയായി. കനത്ത മഴ വേനല്‍ ചൂടിനൊരാശ്വാസവുമായി. ചെമ്മനാട് കൊമ്പനടുക്കത്ത് രാത്രിയുണ്ടായ കാറ്റില്‍ മരം വീണ് വൈദ്യുതി തൂണ് ഒടിഞ്ഞു.
അരയി: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അരയി പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. നിരവധി നേന്ത്രവാഴകള്‍ നശിക്കുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. വാഴവളപ്പില്‍ കണ്ണന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. തരംബയില്‍ കുഞ്ഞമ്മയുടെ വീട്ടിലേക്ക് മരം വീണു. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.വത്സലന്‍, ബിജെപി കാഞ്ഞങ്ങാട് നഗരസഭ സൗത്ത് പ്രസഡണ്ട് എ.കൃഷ്ണന് അരയി, ബൂത്ത് പ്രസിഡണ്ട് എം.സുരേഷ്, കര്‍ഷക മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ചിത്രാംഗതന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: