കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നവജാതശിശുവും യുവാവും മരിക്കാനിടയായ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധം. കുന്നത്തുപാലം സ്വദേശി മഹേഷും പേരാമ്പ്ര മുയിപ്പോത്ത് സ്വദേശികളായ രജ്ഞിത്ത് – മേഘ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞും മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ പ്രതീകാത്മക പ്രതിഷേധം. മഹേഷിന്റെ ഭാര്യയും നവജാതശിശുവിന്റെ മാതാപിതാക്കളും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ പരാതി നല്‍കിയിട്ടുണ്ട്.
ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചും രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെയും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെയുമായിരുന്നു പ്രതിഷേധം. മാതൃശിശു സംരക്ഷണകേന്ദ്രത്തിന്റെ കവാടത്തിനു സമീപം നടന്ന പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് ഉദ്ഘാടനം ചെയ്തു. ഈ രണ്ട് സംഭവത്തിലും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അപമാനം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ചിലരില്‍ നിന്നുണ്ടാവുന്നതെന്നും ലോക്ഡൗണിനുശേഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, ജില്ലാ സെല്‍ കോ- ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷ്, യുവമോര്‍ച്ച നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് രജീഷ്, ഹരിപ്രസാദ് രാജ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: