തിരുവനന്തപുരം: കോവിഡിന് തുടര്‍ന്ന് ഇന്ത്യ ലോകത്തെ സുരക്ഷിതമായ വ്യവസായ നിക്ഷേപ കേന്ദ്രമായി മാറിയ സാധ്യത പ്രയോജനപ്പെടുത്താന്‍ കേരളവും. നേരത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യ നാഥ് നൂറിലധികം വിദേശ വ്യവസായ സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. ചൈനയില്‍ നിന്ന് മാറ്റം ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ ആകര്‍ഷിക്കുകയായിരുന്നു ഉദ്ദേശ്യം. കേരളവും അതിനായി ചെറിയ ശ്രമം നടത്തുകയാണ്.
എല്ലാ വ്യവസായ ലൈസന്‍സുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നല്‍കും. ഉപാധികളോടെയാണ് അനുമതി നല്‍കുക. ഒരുവര്‍ഷത്തിനകം സംരംഭകന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അതു തിരുത്താന്‍ ഒരവസരം നല്‍കാനും സര്‍ക്കാര്‍ തയാറാകും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിമാനത്താവളം, തുറമുഖം, റെയില്‍, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തിലും വാണിജ്യത്തിലും ഇതു കേരളത്തെ പ്രധാന ശക്തിയാക്കും. ഇതിനുപുറമെ, കയറ്റുമതി-ഇറക്കുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ ആരംഭിക്കും.
ഉത്തര കേരളത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി അഴീക്കല്‍ തുറമുഖം വികസിപ്പിക്കും. വലിയതോതില്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ തുറമുഖത്തെ സജ്ജമാക്കും. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്പന്നങ്ങള് വലിയ തോതില്‍ പ്രോത്സാഹിപ്പിക്കും. പാലക്കാട് മെഗാ ഫുഡ് പാര്‍ക്കിലെ ഭൂമി കാര്ഷികോല്പന്നങ്ങളുടെ മൂല്യവര്‍ധനവിനു വേണ്ടി വ്യവസായികള്‍ക്ക് പാട്ടത്തിന് നല്‍കും. മൂല്യവര്‍ധനവിന് ഊന്നല്‍ നല്കി ഉത്തരകേരളത്തില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കും.
കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഉപദേശകസമിതി രൂപീകരിക്കും. വ്യവസായ നിക്ഷേപകര്‍, നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി. ‘ചീഫ് മിനിസ്റ്റേഴ്സ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി കമ്മിറ്റി’ എന്നായിരിക്കും ഇതിന്റെ പേര്.
വ്യവസായ മുതല്‍ മുടക്കിന് ‘സ്റ്റാര്‍ റേറ്റിങ്’ സമ്പ്രദായം ഏര്‍പ്പെടുത്തും. മുതല്‍മുടക്ക്, അതിന്റെ ഭാഗമായി ഉണ്ടാവുന്ന തൊഴില്‍ എന്നിവ കണക്കിലെടുത്ത് ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ സ്ഥാനങ്ങള്‍ നല്‍കും. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങളും ഇളവുകളും ഈ റാങ്കിങ് കൂടി പരിഗണിച്ചായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: