ന്യൂദല്‍ഹി: കൊറോണക്കാലത്തും ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും ആഗോള ഭീഷണി ഉയര്‍ത്തുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് വീണ്ടും തെളിയിക്കുകയാണെന്നും കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ് നരവനെ ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്.
സങ്കുചിത മനോഭാവവും നിയന്ത്രിത അജന്‍ഡയുമായി ഭീകരരെ ജമ്മു കശ്മീരിലേക്ക് പാക്കിസ്ഥാന്‍ അയയ്‌ക്കുകയാണ്. ഭീകരവാദത്തെ പിന്തുണയ്‌ക്കുകയും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കിയ കരസേനാ മേധാവി കശ്മീരിന്റെ സുഹൃത്താണെന്നു പറയുന്ന പാക്കിസ്ഥാന്‍ കശ്മീരികളെ കൊന്നൊടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിനിടയിലും അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് നുഴഞ്ഞുകയറ്റം നടത്തി ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്‍ താല്‍പര്യപ്പെടുന്നത്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന നടപടി പാക്കിസ്ഥാന്‍ നിര്‍ത്തുന്നതുവരെ ഇന്ത്യ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കും.
സൈന്യത്തിലും കൊറോണ പടര്‍ന്നുപിടിക്കുന്നുണ്ട്. പാക്ക് സര്‍ക്കാര്‍ അവിടുത്തെ ആളുകള്‍ക്ക് കുറഞ്ഞ വിലയേ നല്‍കുന്നുള്ളൂ. അവശ്യ വസ്തുക്കളിലും മെഡിക്കല്‍ ഉപകരണങ്ങളിലും വലിയ കുറവ് പാക്കിസ്ഥാനില്‍ അനുഭവപ്പെടുന്നുണ്ട്. സാര്‍ക് വിഡിയോ കോണ്‍ഫറന്‍സില്‍പ്പോലും പാക്കിസ്ഥാന്റെ ഈ സങ്കുചിത മനോഭാവം കടന്നുകയറിയിരുന്നു. സ്വന്തം പൗരന്മാരെ മഹാമാരിയില്‍നിന്നു രക്ഷിക്കാന്‍ വഴി കണ്ടെത്തുന്നതിനു പകരം കശ്മീരിലില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് പാക്കിസ്ഥാന്‍ പറഞ്ഞത്.
അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ തീവ്രത പാക്കിസ്ഥാന്‍ കൂട്ടിയിട്ടുണ്ട്. നിയന്ത്രണരേഖയ്‌ക്കു സമീപം താമസിക്കുന്ന സാധാരണക്കാരെയാണ് പാക്ക് സൈന്യം ലക്ഷ്യമിടുന്നത്. ഭീകരരുടെ പട്ടികയില്‍നിന്ന് പാക്കിസ്ഥാന്‍ പലരുടെയും പേരു മാറ്റിയത്, അവര്‍ ഭീകരരരെ രാജ്യത്തിന്റെ നയമായി കാണുന്നതിന്റെ തെളിവാണെന്നും നരവനെ ചൂണ്ടിക്കാട്ടി.
വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ചഞ്ച്മുള്ള ഗ്രാമത്തില്‍ ഭീകരര്‍ വീടിനുള്ളില്‍ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ സൈന്യം ഇറങ്ങിയിരുന്നു. ഈ പോരാട്ടത്തില്‍ കേണല്‍ അടക്കം 5 പേര്‍ വീരമൃത്യു വരിച്ചു. പാക്ക് സ്വദേശിയായ ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ 2 ഭീകരരെയും വധിച്ചിട്ടുണ്ട്. ഹന്ദ്വാരയില്‍ ജീവന്‍ വെടിഞ്ഞ 5 സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: