ബെംഗളൂരു: കേരള സര്‍ക്കാര്‍ സമ്മതിച്ചാല്‍ കര്‍ണാടകത്തിലെ മലയാളികള്‍ക്ക് നാട്ടിലെത്താം. മറ്റ് സംസ്ഥാനക്കാര്‍ക്ക് തിരിച്ചുപോകാന്‍ ചട്ടങ്ങള്‍ രൂപീകരിച്ച് കര്‍ണാടകം ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. മറ്റ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആര്‍ടിസി ബസ്സുകള്‍ വിട്ടു നല്കാന് തയാറാണെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും യാത്രാനുമതി നല്‍കുക. സാമൂഹ്യ അകലം പാലിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ ഒരു ബസ്സില്‍ 30 പേരെ അനുവദിക്കും. യാത്രാക്കൂലി സ്വയം വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ണാടക സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതാതു സംസ്ഥാനങ്ങള്‍ അനുവാദം നല്കുന്നതു പ്രകാരമാകും പോകാന്‍ അനുവദിക്കുകയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതാത് സംസ്ഥാനങ്ങള്‍ക്ക് അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാമെന്നും ഇതിന് അതിര്‍ത്തി തുറക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു. അതേസമയം, കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ 40,000ത്തിലധികം പേര് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കേരള സര്‍ക്കാര്‍ ഇതുവരെ തിരിച്ചെത്തിക്കേണ്ടവരുടെ മുന്‍ഗണന പട്ടിക കര്‍ണാടക സര്‍ക്കാരിന് കൈമാറിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന തീയതി കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ആവശ്യമെങ്കില്‍ കേരളം ഉള്‍പ്പെടെ ഏതു സംസ്ഥാനത്തേക്കും ട്രെയിന്‍ സര്‍വീസ് നടത്താന്‍ തയാറാണെന്ന് ദക്ഷിണ പശ്ചിമ റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ, ബെംഗളൂരു നഗരത്തില്‍ ജോലി ചെയ്തിരുന്ന സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികളെ കഴിഞ്ഞ മൂന്നു ദിവസമായി കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ സ്വദേശത്ത് എത്തിക്കുന്നുണ്ട്. അതതു ജില്ലാ ഭരണകൂടമാണ് ബസ് ഏര്‍പ്പെടുത്തുന്നത്. ആദ്യ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് സൗജന്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: