ലോകമാകെ ഭീതിയിലും സാമ്പത്തിക പ്രതിസന്ധിയിലുമാണ്. കോവിഡ് 19 ഈ നൂറ്റാണ്ടിനെ വിറപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സമയത്ത് കരുത്തും കാര്യശേഷിയുള്ളതും സമയോജിതമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടെന്നതാണ് ഇന്ത്യയുടെ രോഗപ്രതിരോധ ശക്തിവര്ധിപ്പിക്കുന്നത്. മഹാമാരിയുണ്ടാക്കാന് പോകുന്ന വിപത്ത് ആദ്യമേ തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഒട്ടും സമയം കളയാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ സജ്ജമാക്കി. സ്വന്തം രാജ്യത്ത് മാത്രമല്ല അയല്‍ രാജ്യങ്ങള്‍ക്കും വരാന്‍ പോകുന്ന ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍ക്ക് രാജ്യത്തലവന്മാരുമായി വീഡിയോ യോഗത്തില്‍ ചര്‍ച്ചനടത്തി. ജി-20 രാജ്യത്തലവന്മാരുമായി കൂടിയാലോചനയും നടത്തി. ഏഷ്യയില്‍ മൊത്തം 150 പേര്‍ക്കുമാത്രം കൊറോണ ബാധിച്ചപ്പോഴായിരുന്നു ഈ നടപടി. ഇന്ത്യയിലാകട്ടെ അന്ന് വിരലിലെണ്ണാവുന്ന രോഗികളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 213 രാജ്യങ്ങള്‍ കോവിഡ് 19 ഭീതിയിലാണ്. ഓരോ രാജ്യത്തും മരിക്കുന്നതും ആയിരങ്ങളാണ്. ഇന്ത്യയിലാകട്ടെ ഇതുവരെ ആയിരം മരണം മാത്രമേ കടന്നിട്ടുള്ളൂ എന്നറിയുമ്പോള്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ കരുതലും സംസ്ഥാനങ്ങളുടെ ജാഗ്രതയും കൊണ്ടാണെന്നതില്‍ സംശയമില്ല.
കൊറോണ ഉണ്ടാക്കാന്‍ പോകുന്ന വിപത്തിനെ അതിജീവിക്കാന്‍ ആവിഷ്കരിച്ച നടപടികളും നിസ്സാരമല്ല. ആരോഗ്യമേഖലയ്ക്ക് ആദ്യം തന്നെ 30,000 കോടി രൂപ അനുവദിക്കുകയുണ്ടായി. ഗ്രാമീണ മേഖലയേയും കര്‍ഷകരെയും തൊഴിലാളികളെയും സഹായിക്കാന്‍ ബൃഹത്തായ പാക്കേജ് പ്രഖ്യാപിച്ചു. 170 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. അര്‍ഹതപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായം ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ടാം ഗഡു എത്തുകയാണ്. ഭക്ഷ്യധാന്യങ്ങളടക്കമുള്ള സഹായവും ഭംഗിയായി നല്കുന്നു. 80 കോടി ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതിയാണ് ആദ്യഘട്ടത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കിയത്. ലോക്ഡൗണ്‍ രണ്ടാഴ്ച നീട്ടിയതോടെ കൂടുതല്‍ ഇളവുകളും പുതിയ പദ്ധതികളും ആവിഷ്കരിക്കാനുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് ഇതിനായി നടക്കുന്നത്.
മൈക്രോ-ചെറുകിട-ഇടത്തരം വ്യവസായം, കാര്‍ഷികം എന്നീ മേഖലകളില്‍ നടപ്പാക്കേണ്ട പരിഷ്കരണങ്ങളിലെ ചര്‍ച്ചയായിരുന്നു കഴിഞ്ഞദിവസം. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. യോഗം എല്ലാ വശങ്ങളും പരിഗണിച്ചു എന്നാണ് വ്യക്തമാകുന്നത്. തുടര്‍ ചര്‍ച്ചകള്‍ക്കായി ധന, ആഭ്യന്തര മന്ത്രിമാരെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. വാണിജ്യം, ചെറുകിട-ഇടത്തരം വ്യവസായം അടക്കമുള്ള സുപ്രധാന മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാകും നടപടികള്‍ പ്രഖ്യാപിക്കുക. വ്യോമയാന, തൊഴില്‍, ഊര്ജമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ ചെറുകിട വ്യവസായ സംരംഭങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസന മാതൃകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇനി സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ആഗോളതലത്തില്‍ ചൈനയുടെ കുത്തകയായ ഈ മേഖലയിലേക്ക് കടന്നുകയറാനാണ് ശ്രമം. മൈക്രോ-ചെറുകിട-ഇടത്തരം സ്ഥാപന മന്ത്രാലയത്തെ കൂടുതല്‍ ശക്തിപ്പെടുത്തി ഗ്രാമീണതലങ്ങളിലേക്ക് ലഘു വ്യവസായ യൂണിറ്റുകളുടെ വന്‍തോതിലുള്ള കടന്നുവരവ് ലക്ഷ്യമിടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വികസനത്തിന്റെ കുതിപ്പിന് വഴിവയ്ക്കുകയും ചെയ്യും. ജീവന് നിലനിര്‍ത്തുകമാത്രമല്ല, ജീവിതമൊരുക്കുകയും വേണമെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിനനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ലോകമാസകലം അത്ഭുതത്തോടെ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രതിസന്ധികളെ നേരിടാനുള്ള നടപടികളെയും കാണുകയാണ്. എന്നാല്‍ കേരളത്തിലെ ചില മന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതാണ് പതിവാക്കിയിട്ടുള്ളത്. ധനമന്ത്രി തോമസ് ഐസക്കാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണ് ഐസക്കിന്റെ ആക്ഷേപം. കേന്ദ്രത്തില്‍ സാമ്പത്തിക ആസൂത്രണമല്ല, സാമ്പത്തിക കൂടോത്രമാണ് നടക്കുന്നതെന്ന് ഐസക് പറയുന്നു. കേരളത്തിന്റെ ഖജനാവ് ഒഴിഞ്ഞതിന്റെ വേവലാതിയാണ് ധനമന്ത്രി പ്രകടിപ്പിക്കുന്നത്. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് ഈ ദുസ്ഥിതിയുണ്ടാക്കിയത്. അത് വിസ്മരിച്ച് കേന്ദ്രത്തിന്റെ പിറകെ പായുന്ന വൈറസായി മന്ത്രിമാര്‍ മാറുന്നത് സംസ്ഥാനത്തിന് ഒരു ഗുണവുമുണ്ടാക്കാന് പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: