കണ്ണൂര്‍: ഹോട്ട് സ്പോട്ടായ പാനൂരിനടുത്തെ പന്ന്യന്നൂരില്‍ ലോക്ക് ഡൗണ്‍ കാലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ നാരായണ്‍ നായ്ക്കിന്റെ നിര്‍ദ്ദേശ പ്രകാരം ഉന്നതതല സംഘമാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
സാമൂഹിക അകലവും മാസ്ക്കുമില്ലാതെ സഹപ്രവര്‍ത്തകയുടെ വിരമിക്കല്‍ ചടങ്ങ് ആഘോഷമാക്കി മാറ്റിയ പന്ന്യന്നൂരെ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം ആവശ്യപ്പെട്ടത്. പന്ന്യന്നൂര്‍ പിഎച്ച്സി സര്‍വീസില്‍ നിന്നും വിരമിക്കുന്ന വനിത ഉദ്യോഗസ്ഥയ്ക്കാണ് സര്‍ക്കാര്‍ മാനദണ്ഡം ലംഘിച്ചുകൊണ്ട് ആഘോഷമായ യാത്രയയപ്പ് നല്‍കിയത്.
പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വാര്‍ഡ് മെമ്പര്‍ , മെഡിക്കല്‍ ഓഫീസര്‍ ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. കൊവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ സാമൂഹിക അകലം പാലിക്കലുമടക്കമുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ യാത്രയയപ്പ് ആഘോഷവും സദ്യയും നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന ചടങ്ങില്‍ ഇരുപത്തിയഞ്ചോളം പേര് പങ്കെടുത്തിരുന്നു. ഹോട്ട് സ്പോട്ട് പഞ്ചായത്തായ പന്ന്യന്നൂരില്‍ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളും മരുന്നു വാങ്ങാന്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ ഘട്ടത്തില്‍ മാസ്ക് പോലും ധരിക്കാതെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുകൊണ്ട് ആഘോഷം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷണമിഷന്‍ സംസ്ഥാന സെക്രട്ടറി ഇ.മനീഷ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: