ന്യൂദല്‍ഹി: കൊറോണ അതിജീവനത്തിന്റെ ഭാഗമായി പ്രത്യേക സാമ്പത്തിക പാക്കേജ് വീണ്ടും പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രത്യേക യോഗം വിളിച്ചു. മൈക്രോ-ചെറുകിട-ഇടത്തരം വ്യവസായം, കാര്‍ഷികം എന്നീ മേഖലകളില്‍ നടപ്പാക്കേണ്ട പരിഷ്കരണങ്ങളിലെ ചര്‍ച്ചയായിരുന്നു ഇതില്‍ പ്രധാനം.
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ ചര്‍ച്ചകള്‍ക്കായി ധന, ആഭ്യന്തര മന്ത്രിമാരെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. വാണിജ്യം, ചെറുകിട-ഇടത്തരം വ്യവസായം അടക്കമുള്ള സുപ്രധാന മന്ത്രാലയങ്ങളുമായി ഇരുവരും ചര്‍ച്ച നടത്തിയ ശേഷമാകും നടപടികള്‍ പ്രഖ്യാപിക്കുക. വ്യോമയാന, തൊഴില്‍, ഊര്ജമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ ചെറുകിട വ്യവസായ സംരംഭങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസന മാതൃകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇനി സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ആഗോളതലത്തില്‍ ചൈനയുടെ കുത്തകയായ ഈ മേഖലയിലേക്ക് കടന്നുകയറാനാണ് ശ്രമം. മൈക്രോ-ചെറുകിട-ഇടത്തരം സ്ഥാപന മന്ത്രാലയത്തെ കൂടുതല്‍ ശക്തിപ്പെടുത്തി ഗ്രാമീണതലങ്ങളിലേക്ക് ലഘു വ്യവസായ യൂണിറ്റുകളുടെ വന്‍തോതിലുള്ള കടന്നുവരവ് ലക്ഷ്യമിടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ കരാര്‍ തൊഴിലാളികളെ ഇതിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്.
മൈക്രോ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കായി പ്രത്യേക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചു. ചെറുകിട വായ്പകള്‍ കൂടുതലായി അനുവദിക്കണമെന്ന് ഇന്നലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത പൊതുമേഖലാ ബാങ്ക് മേധാവിമാരുടെ യോഗത്തിലും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: