കൊച്ചി: കേരളത്തില്‍ പ്രളയത്തിലകപ്പെട്ട 26 പേരെ ഒറ്റ ദൗത്യത്തിലൂടെ ജീവന്റെ വന്‍കരയിലെത്തിച്ച് ശ്രദ്ധേയനായ ക്യാപ്റ്റന്‍ പി. രാജ്കുമാര്‍ 33 വര്‍ഷത്തെ വിശിഷ്ട സേവനത്തിനൊടുവില്‍ നാവികസേനയോട് വിടപറഞ്ഞു.
പ്രളയകാല സേവനം കൂടാതെ 2017 ഡിസംബറിലെ ഓഖി ദുരന്ത വേളയില്‍ അതീവ ധീരതയോടെ രാത്രി സീക്കിങ് ഹെലികോപ്റ്ററില്‍ നടത്തിയ രക്ഷാദൗത്യവും 1990-91 ല്‍ ഇന്ത്യന്‍ ശാസ്ത്രസംഘം നടത്തിയ അന്റാര്‍ട്ടിക്കാ പര്യടനത്തിനിടെ ആഞ്ഞടിച്ച മഞ്ഞ് കാറ്റില്‍ നിന്ന് നാല് ശാസ്ത്രജ്ഞരെ രക്ഷിച്ച സംഭവവും ക്യാപ്റ്റന്‍ രാജ്കുമാറിന്റെ ഔദ്യോഗിക ജീവിതത്തിലെ തിളക്കമാര്‍ന്ന നേട്ടങ്ങളാണ്.
ഈ ദൗത്യങ്ങള്‍ അദ്ദേഹത്തെ ധീരതക്കുള്ള ശൗര്യചക്രയ്‌ക്കും നാവികസേനാ മെഡലിനും അര്‍ഹനാക്കി. ഇന്ത്യയുടെ 10,11 അന്റാര്‍ട്ടിക്കാ ദൗത്യങ്ങളില്‍ രാജ്കുമാര്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെ പ്രളയകാലത്ത് നടത്തിയ ധീരമായ രക്ഷാദൗത്യങ്ങള്‍ പരിഗണിച്ച് സിംഗപ്പൂരിലെ സ്‌ട്രെയിറ്റ് ടൈംസ് ‘ഏഷ്യന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരവും അദ്ദേഹത്തിന് സമ്മാനിച്ചു.
നാവികസേനയുടെ ഫ്‌ളയിങ് ബ്രാഞ്ചില്‍ 1987 ജൂലൈയില്‍ കമ്മീഷന്‍ ചെയ്ത ക്യാപ്റ്റന്‍ രാജ്കുമാര്‍ 5000 മണിക്കൂറിലേറെ പറന്നിട്ടുള്ള പരിചയസമ്പന്നനായ ഹെലികോപ്റ്റര്‍ പൈലറ്റാണ്. 2009ല്‍ കമ്മീഷന്‍ ചെയ്ത രാംനാട് നാവിക വ്യോമതാവളത്തിന്റെ (ഐഎന്‍എസ് പരുന്ത്) പ്രഥമ കമാന്‍ഡിങ് ഓഫീസര്‍ കൂടിയാണ് നിലമ്പൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ രാജ്കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: