Categories: Palakkad

പാലക്കാട് അമ്മയും രണ്ട് കുട്ടികളും മരിച്ച നിലയിൽ, കുട്ടികളുടെ മരണം വിഷം ഉള്ളില്‍ ചെന്ന്

കൃഷ്ണകുമാരി വീടിനുള്ളിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിലും മൂത്തകുട്ടി ആഗ്‌നേഷ് കട്ടിലിലും ഇളയകുട്ടി തൊട്ടിലിലും മരിച്ചനിലയിലായിരുന്നു.

Published by

മാത്തൂര്‍: അമ്മയും രണ്ട് കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (25), ഇവരുടെ രണ്ടുമക്കളായ ആഗ്‌നേഷ് (5), ആത്മേയ (ആറുമാസം) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഒരുമണിയോടെയാണ് സംഭവം. കൃഷ്ണകുമാരി വീടിനുള്ളിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിലും മൂത്തകുട്ടി ആഗ്‌നേഷ് കട്ടിലിലും ഇളയകുട്ടി തൊട്ടിലിലും മരിച്ചനിലയിലായിരുന്നു. രണ്ടുകുട്ടികളും വിഷം ഉള്ളില്‍ചെന്ന് മരിച്ചതായാണ് വിവരം. കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ് മഹേഷ്. രാവിലെ ജോലിക്കുപോയി ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും അവശ നിലയില്‍ കണ്ടത്.

വീടിന്റെ അകത്തുചെന്ന് മകനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മകന്റെ വായയില്‍നിന്ന് നുരയും പതയും വരുന്നത് കണ്ടത്. ഉടന്‍ ബഹളംവച്ച് ആളുകളെ വിളിച്ചുകൂട്ടി. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന മഹേഷിന്റ അമ്മയും ബഹളം കേട്ട് വന്നു. കൃഷ്ണകുമാരിയെ തിരഞ്ഞപ്പോഴാണ് വീട്ടിന്നകത്തെ വേറെ ഒരു കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ ശ്രദ്ധിച്ചപ്പോള്‍ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നു. ആ കുഞ്ഞിന്റെ വായയില്‍ നിന്ന് നുരയും പതയും വന്നിരുന്നു.  

ഉടന്‍ കുഴല്‍മന്ദത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. വീടിനുള്ളില്‍നിന്ന് ജ്യൂസിന്റെ കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by