തൊടുപുഴ: ഇടുക്കിയില്‍ രണ്ട് ദിവസത്തിനിടെ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന 4 പേര് രോഗ വിമുക്തരായി. ഇവരെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും നിലവില്‍ രണ്ട് പേര് മാത്രമാണ് ആശുപത്രി വിട്ടത്. അവശേഷിക്കുന്ന രണ്ട് പേര് ഇന്ന് ആശുപത്രി വിടും. ഇതോടെ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി കുറഞ്ഞു. ഇതില്‍ രണ്ട് പേരുടെ വിവരം മാത്രമാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തിലൂടെ ഇന്നലെ അറിയിച്ചത്.
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശിനി, ചെറുതോണി മണിയാറംകുടി സ്വദേശി എന്നിവരാണ് ഇന്നലെ ആശുപത്രി വിട്ടത്. ഏലപ്പാറ സ്വദേശികളായ അമ്മയും മകനും എന്നിവരുടെ മൂന്നാമത്തെ ഫലവും നെഗറ്റീവാണ്. എന്നാല്‍ അമ്മയ്ക്ക് ചെറിയ തോതില്‍ ചുമ അനുഭവപ്പെട്ടതിനാല്‍ ഇവരെ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം ഇവരും ഇന്ന് ആശുപത്രി വാസം വിടുമെന്നാണ് വിവരം. വരുന്ന 2-3 ദിവസത്തിനുള്ളില്‍ ജില്ലയിലെ എല്ലാവരും രോഗം മാറി ആശുപത്രി വിടുമെന്നാണ് നിലവിലെ വിലയിരുത്തലെന്ന് ഡിഎംഒ ഡോ. എന്‍. പ്രിയ ജന്മഭൂമിയോട് പറഞ്ഞു.
നിലവില്‍ ചികിത്സയിലുള്ള ഏലപ്പാറ പിഎച്ച്സിയിലെ ഡോക്ടര്‍, ആശപ്രവര്‍ത്തക തുടങ്ങി എല്ലാവരുടേയും ഒരു ഫലം നെഗറ്റീവാണ്. അടുത്ത ഫലത്തിനായുള്ള കാത്തിരിപ്പാണ്. ഇത് മിക്കവാറും തിങ്കളാഴ്ചയോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഇന്ന് ഒരു പക്ഷേ കൂടുതല്‍ പേര് ആശുപത്രി വിട്ടേക്കാമെന്നും ജില്ലാ ഭരണകൂടം പറയുന്നു.
കഴിഞ്ഞമാസം പാതിയോടെയാണ് ഇടുക്കി ആദ്യഘട്ടത്തില്‍ കൊറോണ മുക്തമാകുന്നത്. ഏപ്രില്‍ രണ്ടിന് ശേഷം പിന്നീട് 23ന് ആണ് ഇടുക്കിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 22ന് കോട്ടയം സ്വദേശിക്കും ഇടുക്കിയില്‍ ചികിത്സയിലിരിക്കെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ 23ന് ആറ് പേര്‍ക്കും 25നും 26നും നാല് പേര്‍ക്കും വീതമാണ് കൊറോണ വൈറസ് പോസിറ്റീവായത്. ഇതിനൊപ്പം അവസാന ദിവസം പാലക്കാടുകാരനും ഇടുക്കിയിലും രോഗം സ്ഥിരീകരിച്ചു. ഇയാളടക്കം 8 പേരാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിലവുള്ളത്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡോക്ടറും ആരോഗ്യ പ്രവര്‍ത്തകയും അടക്കം മൂന്ന് പേരും നിലവുലുണ്ട്.
നിരീക്ഷണത്തില്‍ നിരവധി പേരുണ്ടെങ്കിലും ഇതുവരേയും ആര്‍ക്കും രോഗം സ്ഥിരീകരിക്കാത്തത് ജില്ലയ്ക്ക് വലിയ ആശ്വാസമാണ്. സമൂഹ വ്യാപനം സംശയിച്ചിരുന്ന ഏലപ്പാറയിലും മൂന്നാറിലും അത് ഉണ്ടായതുമില്ല. പിന്നാലെ ജില്ല റെഡ് സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് എത്തുകയും ചെയ്തു. ഇന്നലെ ലഭിച്ച 56 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ഇന്നലെ ശേഖരിച്ച 107 സ്രവങ്ങളടക്കം 397 പേരുടെ പരിശോധന ഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്.
തിങ്കളാഴ്ചയോടെ ഇടുക്കി വീണ്ടും കൊറോണ മുക്ത ജില്ലയായി മാറുമെന്ന് കളക്ടര്‍ എച്ച്. ദിനേശന്. ജില്ലയ്ക്ക് വലിയ ആശ്വാസമാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത്. നിലവില്‍ അയച്ചിരിക്കുന്നവരുടെ ഫലം അനുകൂലമായാല്‍ ഇവരെയെല്ലാം വീടുകളിലേക്ക് പോകാന്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇതെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: