മാറുന്നു ലോകം മഹാമാരി തന്നുടെ
മായാപ്രഭാവത്തിലാകെയെങ്ങും
മാറാതെ വയ്യിനി മര്‍ത്യനു ജീവിത
മാറാപ്പു തൂക്കുവാന്‍ കെല്പ്പു നേടാന്‍
മാമക രാജ്യവും ദേശവും ഗ്രാമവും
മാറ്റൊലി കൊള്ളുമീ ശംഖനാദം
മാറുന്ന കാലത്തിനൊത്തു നീങ്ങീടുവാന്‍
മാനുഷ ജാതി മനമൊരുക്കേ
മാമല നാടിതു ലോകത്തിനൊക്കെയും
മാതൃകയായി വിളങ്ങി നില്‍ക്കേ
മാറിമറിയുന്ന ജീവിതചര്യകള്‍
മാലോകരൊക്കെയും കണ്ടറിയേ
മാതാപിതാക്കളെ കൈവിട്ടു തന്നുടെ
മാതൃഭൂ വിട്ടകന്നേകരായീ
മാറ്റേറും ജീവിതം മോഹിച്ചു പോയവര്‍
മായാവലയത്തിലായിരുന്നു
മാതൃരാജ്യത്തിന് കരുതലും സ്നേഹവും
മാടി വിളിക്കവേ മൗഢ്യമോടെ
മാനസം തിങ്ങി നിറയുന്നു ഗദ്ഗദം
മാറത്തു വിങ്ങലും ബാക്കിയായി
മാറുവാന്‍ നമ്മള് പഠിക്കുന്നതെപ്പൊഴും
മാറാന്‍ കഴിയാതെ വന്നിടുമ്പോള്‍
മാനവസ്നേഹമിതൊന്നു താന്‍ ശാശ്വതം
മാറ്റമില്ലാത്തൊരു ലോക സത്യം
ഉണ്ണി കൊടുങ്ങല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: