തിരുവനന്തപുരം: മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ ശേഖരിക്കുന്നതിനാവശ്യമായ രണ്ടു തരം സ്വാബുകള്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ സാങ്കേതിക വിദഗ്ധര്‍ വികസിപ്പിച്ചെടുത്തു. സ്രവം ശേഖരിച്ചു കഴിഞ്ഞാല്‍ കോവിഡ് 19 പരിശോധനയ്ക്ക് ഉപയുക്തമാക്കുന്ന വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയവും ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു.
ചിത്ര എംബഡ് ഫ്ളോക്ക്ഡ് നൈലോണ്‍ സ്വാബ്സ് , ചിത്ര എന്മേഷ് എന്നി സ്വാബുകള്‍ എങ്ങനെ വേണമെങ്കിലും തിരിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് പിടിയോടു കൂടിയതാണ് നാരുരഹിതവും പോളിമര്‍ ഫോം അഗ്രവുമുള്ളവയാണ്. ഇതിനകം തന്നെ ഈ സ്വാബുകള്‍ സ്രവങ്ങള്‍ ശേഖരിക്കുന്നതില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാനും കഴിയും. വൈറല്‍ ആര് എന്‍ എ ശേഖരിക്കുന്നതിലും മികച്ച രീതിയിലാണ് സ്വാബുകളുടെയും വൈറല്‍ മീഡിയത്തിന്റെയും പ്രവര്‍ത്തനം. അണുവിമുക്തവും ഉപയോഗിക്കാന്‍ സജ്ജവുമായ രീതിയില്‍ ഈ സ്വാബുകള്‍ ലഭ്യമാകും.
കാര്യക്ഷമമായും സുഗമമായും പ്രവര്‍ത്തിക്കും വിധത്തിലാണ് സ്വാബുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രോഗികള്‍ക്ക് കാര്യമായ അസ്വസ്ഥത സൃഷ്ടിക്കാതെ സ്രവങ്ങള്‍ ശേഖരിക്കാനാകും. സുരക്ഷിതവും സൗകര്യപ്രദവുമായ ബ്രേക്ക് പോയിന്റുകള്‍ രോഗിയുമായി സമ്പര്‍ക്കം കുറയ്ക്കുന്നതിന് സ്രവം ശേഖരിക്കുന്ന ആരോഗ്യപ്രവര്‍ത്തകനെ സഹായിക്കും.സ്വാബുകള്‍ വികസിപ്പിച്ചത് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാങ്കേതിക വിദഗ്ധരായ ഡോ. ലിന്‍ഡ വി. തോമസ്, ഡോ. ഷൈനി വേലായുധന്, ഡോ. മായ നന്ദകുമാര്‍ എന്നിവരാണ്.
രണ്ടാമത്തെ കണ്ടുപിടുത്തമായ ചിത്ര വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം, ശേഖരിക്കുന്ന ഇടത്തു നിന്ന് ലബോറട്ടറിയിലേക്ക് എത്തിച്ചേരുംവരെ വൈറസിനെ അതിന്റെ സജീവമായ നിലയില്‍ നിലനിര്‍ത്താന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. നിലവില്‍, 50 (3 എംഎല്) വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം അടങ്ങിയ 50 സ്വാബുകളുടെ കിറ്റിന് 12,000 രൂപയാണ് വില.
സ്വാബുകളും വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയവും ദ്രുതഗതിയില്‍ നിര്‍മ്മിക്കുന്നതിനും വില്പ്പനയ്ക്കുമായി മല്ലേലില്‍ ഇന്‍ഡസ്ട്രീസ്, ഒറിജിന്‍ ഡയഗ്നോസ്റ്റിക്സ്, ലെവ്റാം ലൈഫ് സയന്‍സസ് എന്നിവയ്ക്ക് സാങ്കേതിക വിദ്യ കൈമാറിയിട്ടുണ്ട്.
നിലവില്‍, പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സ്വാബുകളിലൂടെ ശേഖരിച്ച മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവം വൈറല്‍ ജീന്‍ ആംപ്ലിഫിക്കേഷന്‍ രീതി ഉപയോഗിച്ച് സാര്‍സ് – കോവ് 2 കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു. ഇത് കോവിഡ് 19 ന്റെ സ്ഥിരീകരണത്തിന് ആവശ്യമാണ്. കൃത്യമായതും വേണ്ടത്ര അളവിലുള്ളതുമായ സാമ്പിള്‍ ശേഖരണവും, ദ്രവമാധ്യമത്തിലൂടെ കൃത്യമായ രാസപ്രക്രിയ നടത്തുന്നതും, വൈറല്‍ ആര് എന്‍ എയുടെ ഗുണനിലവാരവും അളവും ഉറപ്പുവരുത്തുന്നതും രോഗനിര്‍ണയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ്എയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനും (സി ഡി സി) പ്ലാസ്റ്റിക് പിടിയുള്ള സിന്തറ്റിക് ഫൈബര്‍ സ്വാബുകളുടെ ഉപയോഗം ശുപാര്‍ശ ചെയ്യുന്നുണ്ട്.
തദ്ദേശീയമായി ലഭിക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ രണ്ട് സ്വാബുകള്ക്കും നിലവില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കാനാകും. വളരെ കുറഞ്ഞ ചെലവില്‍ ആവശ്യങ്ങള്‍ നിറവേറ്റാനും ഈ ഉപകരണങ്ങള്‍ക്കു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: