പാലക്കാട്: ഇന്ത്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ച പ്രവാസിക്കെതിരെ പരാതി. യു.എ.ഇയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വടകര സ്വദേശി ഫൗലാദിനെതിരെ യുവമോര്‍ച്ച പാലക്കാട് ജില്ല അധ്യക്ഷന്‍ പ്രശാന്ത് എസ്. ആണ് പരാതി നല്‍കിയത്.
എടവന ഫൗലാദാണ് മൂന്നു ലക്ഷത്തോളം പേര് അംഗങ്ങളായുള്ള ഫ്രീ തിങ്കേഴ്സ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ ട്വീറ്റ് പ്രചരിപ്പിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ എഗൈന്‍സ്റ്റ് ടെററിസം എന്ന ഫെയ്സ്ബുക്ക് പേജാണ് പുറത്തുവിട്ടത്. നേരത്തെയും നിരന്തരം ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളും കലാപമുണ്ടാക്കുന്ന പ്രചാരണങ്ങളും ദുബായില്‍ ഇന്‍വെസ്റ്റ് എഡി എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ നടത്തിയിട്ടുള്ളതായും പരാതിയില്‍ ആരോപിക്കുന്നു.
ഒമാന്‍ രാജ കുടുംബാംഗവും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന് വിഭാഗം അസി. വൈസ് ചാന്‍സലറുമായ മോന ബിന്ത് ഫഹദ് അല്‍ സയ്ദിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ഇത് തന്റെ അക്കൗണ്ടല്ലെന്ന് വ്യക്തമാക്കി രാജകുടുംബം തന്നെ രംഗത്തെത്തുകയായിരുന്നു. ഒമാന്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കൊപ്പം ഉറച്ചു നില്ക്കുന്നു. മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന നടപടികള്‍ ഇന്ത്യന്‍ ഭരണകൂടം നിര്‍ത്തിവെച്ചില്ലെങ്കില്‍ ഒമാനിലുള്ള പത്ത് ലക്ഷം ഇന്ത്യക്കാരെ നാടുകടത്തും എന്നായിരുന്നു വ്യാജ അക്കൗണ്ടിൽ നിന്നുള്ള ഭീഷണി. ഈ വിഷയം ഒമാന്‍ സുല്‍ത്താനോട് സംസാരിക്കുമെന്നും ട്വീറ്റിലുണ്ടായിരുന്നു.
പാക് ഫൗജ് എന്ന പേരിലുള്ള ട്വിറ്റര്‍ ഐഡിയാണ് ഒമാന്‍ രാജകുമാരിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കെതിരെ പാകിസ്താന് വന്‍ സൈബര്‍ യുദ്ധമായിരുന്നു ആസൂത്രണം ചെയ്തത്. പാക് അനുകൂല അറബ് വംശജരെ ഉപയോഗിച്ചും വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയുമായിരുന്നു ആക്രമണം. ഇതിന്റെ ഭാഗമായുള്ള ട്വീറ്റ് ആണ് ഫൗലാദ് പ്രചരിപ്പിച്ചത്. തീവ്രവാദ ഭീഷണിയുമായി ബന്ധപ്പെട്ട് നേരത്തെ സുരക്ഷ ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ വന്ന റൈറ്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന് ആണിയാള്‍.
സാമൂഹ്യമാധ്യമങ്ങള്‍ വഴി ഗുരുതരമായ രീതിയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപാഹ്വാനം തുടങ്ങിയവ ചെയ്തതിന് ഇയാളുടെ പേരില്‍ കേസെടുത്ത് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എന്‍.ഐ.എയ്ക്കും, ദുബായ്, ഒമാന്‍ എംബസികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പാരതിയില്‍ വ്യക്തമാക്കി. അതേസമയം ഇത്തരം വ്യാജ ട്വീറ്റുകള്‍ ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: