ലണ്ടന്‍: കൊറോണ വൈറസിനെ പറ്റി പലതും മറച്ചു വയ്‌ക്കുന്നതിലൂടെ ചൈന ലോകത്തെ ചതിക്കുകയാണെന്ന് ചാരന്മാര്‍. അമേരിക്ക, കാനഡ, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വൈറസിനെപ്പറ്റി ചൈന ലോകത്തില്‍നിന്ന് പലതും മറയ്‌ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
ചൈന വൈറസിനെപ്പറ്റി പല കാര്യങ്ങളും മറച്ചുവെച്ചു. വൈറസിന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ ശേഷിയുണ്ടെന്ന വിവരമാണ് ഇതില്‍ ഏറ്റവും പ്രധാനം. വൈറോളജി ലാബിലെ ചില ഗവേഷകരെ കാണാതായതും ചിലരെ നിശബ്ദരാക്കിയതുമൊക്കെ അപകടസൂചനകളാണ്. തെളിവുകള്‍ മറയ്‌ക്കുന്നതിന്റെ ഭാഗമായാണ് വൈറസിന്റെ സജീവ ജനിതക വിവരങ്ങള്‍ ചൈന മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറാതിരുന്നത്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങള്‍ക്ക് വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിഞ്ഞില്ലെന്നും രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഞ്ച് രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ വുഹാനിലെ വെറ്റ്മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബിലാണ് ആദ്യം വൈറസ് ബാധയുണ്ടായതെന്നാണ് കണ്ടെത്തിയത്. ഈ ലാബില്‍ നടന്ന പരീക്ഷണത്തിനുപയോഗിച്ച കൊറോണ വൈറസ് നിലവിലെ കൊവിഡ് വൈറസുമായി 96%സാമ്യം പുലര്‍ത്തിയിരുന്നുവെന്നും സൂചനയുണ്ട്.
ചൈന മറച്ചുവയ്‌ക്കാന്‍ ശ്രമിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന് ശ്രമിച്ച ഫാങ് ബിങ്, അഭിഭാഷകനായ ചെന്‍ ക്വിഷി, മാധ്യമപ്രവര്‍ത്തകനായ ലി സെഹ്വ തുടങ്ങിയവരെ കാണാനുമില്ല. ഇവരെ അധികൃതര്‍ രഹസ്യമായി തടവില്‍ പാര്‍പ്പിക്കുകയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിന് മുമ്പുതന്നെ വുഹാനിലെ ലക്ഷക്കണക്കിന് ആളുകള്‍ അവിടെനിന്ന് പുറത്തേക്ക് യാത്രചെയ്തു. ഇവര്‍ വഴി അമേരിക്ക, ഇറ്റലി, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളിലേക്ക് രോഗം എത്തി. നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും അതൊന്നും മറ്റ് രാജ്യങ്ങളോട് വെളിപ്പെടുത്താന് ചൈന തയ്യാറായില്ല.
2019 ഡിസംബറിന് മുമ്പുതന്നെ രോഗവ്യാപനം സംഭവിച്ചിരുന്നുവെങ്കിലും ചൈന അത് മറച്ചുവെച്ചു. മാത്രമല്ല, വവ്വാലില്‍ കാണപ്പെടുന്ന വൈറസിനെപ്പറ്റിയുള്ള പഠനമാണ് വൈറോളജി ലാബില്‍ നടന്നുകൊണ്ടിരുന്നത്. ഡിസംബര്‍ 31 മുതല്‍ വൈറസിനെപ്പറ്റി സെര്‍ച്ച് ചെയ്യുന്നതിന് ചൈനയില്‍ സെന്‍സര്‍ഷിപ്പ് വന്നു. സാര്‍സ് വേരിയേഷന്‍, വുഹാന്‍ സീ ഫുഡ് മാര്‍ക്കറ്റ്, വുഹാന്‍ അണ്‍നോണ്‍ ന്യുമോണിയ തുടങ്ങിയ വാക്കുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് യാത്രാനിരോധനം കൊണ്ടുവന്നപ്പോഴും ചൈന ലോകത്തോട് പറഞ്ഞത് അത് അത്യാവശ്യമല്ല എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: