ന്യൂദല്‍ഹി: കൊറോണ രോഗബാധയുടെ ഏറ്റവും മോശം ഘട്ടം രാജ്യത്ത് അവസാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ അവസരോചിത നീക്കങ്ങള്‍ രാജ്യത്ത് കൊറോണ പടര്‍ന്നു പിടിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തി എന്നും അദേഹം പറഞ്ഞു. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് അദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
രാജ്യത്ത് കൊറോണ രോഗബാധയുടെ മോശം ഘട്ടം അവസാനിച്ചതായാണ് ഞാന്‍ കരുതുന്നത്. എന്നിരുന്നാലും മാര്‍ഗ നിര്‍ദേശങ്ങളും മുന്‍കരുതല്‍ നടപടികളും തുടര്‍ന്നും പിന്തുടരണം. ദേശ വ്യപകമായ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യം സമയോജിതമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ നില വളരെ മെച്ചപ്പെടുത്താന്‍ ഇത്തരം നിയന്ത്രണങ്ങള്‍ സഹായിച്ചു. വാര്‍ത്താ ഏജന്‍സിയോട് അദേഹം പറഞ്ഞു.
നിലവിലുള്ള നിയന്ത്രണങ്ങള്‍ മൂന്നാം ഘട്ടത്തിലാണ്. രാജ്യത്തിന്റെ പകുതി പ്രദേശങ്ങളും മേയ് 4 മുതല്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാകും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി ആദ്യഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ശേഷം അത് മെയ് മൂന്നുവരെ നീട്ടുകയും ചെയ്തു. ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ ലോക്ക്ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മേയ് 17 വരെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന്റെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: