ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ(കൊവിഡ് 19) വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ രോഗത്തെ പിടിച്ചുകെട്ടാന്‍ ദുരന്തകാലത്തെ സംസ്ഥാനത്തിന്റെ ട്രബിള്‍ ഷൂട്ടറായ ഡോ. ജെ. രാധാകൃഷ്ണന്‍ രംഗത്ത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥും മുന്‍ ആരോഗ്യ സെക്രട്ടറിയുമായ ഡോ. ജെ രാധാകൃഷ്ണന്‍ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് തകരാറുകള്‍ കണ്ടെത്തി അവയെ പരിഹരിക്കാന്‍ വിദഗ്ധനാണ്. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ പ്രത്യേക നോഡല്‍ ഓഫിസറായാണ് രാധാകൃഷ്ണന്റെ നിയമനം. ഗ്രേറ്റര്‍ ചെന്നൈയിലെ കമ്മിഷണര്‍ക്കും മറ്റ് ടീമംഗങ്ങള്‍ക്കുമൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ഇനി രാധാകൃഷ്ണന്റെ ചുമതലയായിരിക്കും.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷവും ചെന്നൈയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ദിവസവും 16,000േേത്താളം ജീവനക്കാരാണ് വീടുകള്‍ തോറും കയറി ഇറങ്ങി സ്‌ക്രീനിങ് നടത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് കടുത്ത അലംഭാവം ഉണ്ടായെന്ന് വിമര്‍ശനമുണ്ട്. ദിവസേന എണ്ണായിരത്തോളം രാജ്യാന്തര യാത്രക്കാര്‍ നഗരത്തില്‍ എത്തിച്ചേര്‍ന്നപ്പോഴും മതിയായ പരിശോധന നടത്താന്‍ അധികാരികള്‍ തയാറായില്ലെന്നാണു വിമര്‍ശനങ്ങള്‍.
മഹേഷ് കുമാര്‍ അഗര്‍വാള്‍(നോര്‍ത്ത് സോണ്‍), അബാഷ് കുമാര്‍(ഈസ്റ്റ് സോണ്‍), അമരേഷ് പുജാരി( സൗത്ത് സോണ്‍), അബേ കുമാര്‍ സിങ്(വെസ്റ്റ് സോണ്‍), കെ. ഭുവനേശ്വരി(സബര്‍ബ്) എന്നിങ്ങനെ അഞ്ച് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുഗമിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈയില്‍ 176 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ചെന്നൈയില്‍ ആകെ കേസുകളുടെ എണ്ണം 1,082 ആയി. തമിഴ്‌നാട്ടില്‍ ഇതുവരെ 2526 കേസുകളും 27 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രകൃതി ദുരന്തങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ട്രബിള്‍ ഷൂട്ടറാണ് 1992 ബാച്ചിലെ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍. 2004ല്‍ ഇന്ത്യയില്‍ സുനാമി ദുരന്തം അലയടിച്ച സമയത്ത് തഞ്ചാവൂരില്‍നിന്ന് സ്ഥലംമാറ്റി രാധാകൃഷ്ണനെ നാഗപട്ടണത്തെ കലക്ടറായി നിയമിച്ചു. അന്ന് സുനാമി ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമായിരുന്നു നാഗപട്ടണം. ഏകദേശം ആറായിരത്തോളം പേരുടെ ജീവനാണ് ഭീമന്‍ തിരമാലകള്‍ ഇവിടെനിന്നും കവര്‍ന്നത്. അന്ന് ഈ തീരദേശ ജില്ലയുടെ എല്ലാ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് രാധാകൃഷ്ണനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: