ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം ചെറുക്കാനായി വീണ്ടും ലോക് ഡൗണ്‍ നീട്ടി. മൂന്നാം ഘട്ടമായി മേയ് 17വരെയാണ് ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കൂടുതല്‍ ഇളവുകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീന്‍സോണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായിരിക്കും.
രണ്ടാം ഘട്ടമായി മേയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടിയത്. ഇതു തീരാന്‍ രണ്ടു ദിവസം ശേഷിക്കെയാണ് വീണ്ടും ലോക് ഡൗണ്‍ നീട്ടിയത്. പൊതു ഗതാഗതം അനുവദിക്കില്ല, ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തുറക്കാന്‍ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടില്ല.
വൈകുന്നേരം ഏഴുമണി മുതല്‍ രാവിലെ ഏഴുമണി വരെ അത്യാവശ്യയാത്രകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. എല്ലാ സോണുകളിലും 65 വയസ്സിനു മുകളിലുള്ളവരും ഗുരുതര രോഗമുള്ളവരും ഗര്‍ഭിണികളും പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളും വീടിനുള്ളില്‍ കഴിയണം. ഒഴിവാക്കാനാകാത്ത അത്യാവശ്യങ്ങള്‍ക്കും ആരോഗ്യകാര്യങ്ങള്‍ക്കും മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ
രാജ്യത്തെ എല്ലാ ജില്ലകളെയും,റെഡ് ഓറഞ്ച്,ഗ്രീന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.ഫലപ്രദവും,ശക്തവുമായ നിയന്ത്രണനടപടികളിലൂടെ, കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള റെഡ്-ഓറഞ്ച് മേഖലകളില്‍ രോഗവ്യാപനശൃംഖല മുറിക്കാന്‍ സാധിക്കും.ഇത് ഉറപ്പാക്കാന്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുടെ അകമഴിഞ്ഞുള്ള സഹകരണം ആവശ്യമാണ് .
രോഗവ്യാപന മേഖലകള്‍ ഏതൊക്കെയെന്ന് കൃത്യമായി നിര്‍ണയിക്കപ്പെടേണ്ടതുണ്ട് .രോഗികള്‍ ,അവരുമായി സമ്പര്‍ക്കത്തിലായവര്‍ , അവരുള്‍പ്പെടുന്ന സ്ഥലങ്ങള്‍ ,ഭൂമിശാസ്ത്രപരമായി അവരുടെ സാന്നിധ്യം എവിടം വരെ,നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിലെ പ്രായോഗികത തുടങ്ങിയവ കണക്കിലെടുത്തുവേണം ഈ മേഖലനിര്‍ണയം നടത്താന്‍.
രോഗവ്യാപനമേഖലകള്‍,ബഫ്ഫര്‍ മേഖലകള്‍ എന്നിവ ഏതൊക്കയെന്ന് സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങള്‍ കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്.ശക്തമായ സഞ്ചാര നിയന്ത്രണങ്ങള്‍,പ്രത്യേക ദൗത്യസംഘങ്ങളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങിയുള്ള രോഗപരിശോധന ,നിലവിലെ മാര്‍ഗ്ഗനിര്‌ദേശങ്ങള്‍ക്കനുസൃതമായ സാമ്പിള്‍ പരിശോധന,രോഗിയുമായി സമ്പര്‍ക്കത്തിലായവരെ തിരിച്ചറിയല്‍ തുടങ്ങിയവ രോഗവ്യാപനമേഖലകളില്‍ നടപ്പാക്കേണ്ടതുണ്ട്
രാജ്യത്ത് ഇതുവരെ 8,888 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ മൊത്ത രോഗമുക്തിനിരക്ക് 25.37 ശതമാനമായി ഉയര്‍ന്നു. 35,043 പേരിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ മുതല്‍ മാത്രം 1,993 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: