കുവൈറ്റ് സിറ്റി – കുവൈത്തില്‍ കൊറോണ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ രണ്ട് മലയാളികളാണ് മരിച്ചത്. രണ്ടു പേരും ഇന്നലെ മരിച്ചങ്കിലും മരണ കാരണം കൊറോണയാണെന്ന് ആരോഗ്യ മന്ത്രാലയം ഇന്നാണ് സ്ഥിരീകരിച്ചത്.
51 കാരനായ പത്തനംതിട്ട ഇടയാറന്മുള സ്വദേശി രാജേഷ് കുട്ടപ്പന് നായരും 54 കാരനായ തൃശ്ശൂര്‍ വലപ്പാട് തോപ്പില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂറുമാണ് കൊറോണബാധയേറ്റ് മരിച്ചത്. പത്ത് ഇന്ത്യാക്കാരടക്കം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
അതേ സമയം ഇന്ന് 125 ഇന്ത്യക്കാര്‍ അടക്കം ആകെ 284 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ ‘ആകെ എണ്ണം 4024 ആയി. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 125 ഇന്ത്യക്കാരില്‍ മുഴുവന്‍ പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണു രോഗ ബാധയേറ്റത്. ആകെ 284 രോഗികളില്‍ 276 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 4 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്.
അതിനിടെ രോഗം ഭേദമായവരുടെ എണ്ണം ഇന്നും വര്‍ദ്ധിച്ചു. 150 രോഗികള്‍ ഇന്ന് സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാ അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1539 ആയി. നിലവില്‍ 66 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ടെന്നും, 30പേരുടെ നില അതീവ ഗുരുതരമാണെന്നും 5 പേരെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: