കൊയിലാണ്ടി: ലോക്ഡൗണിനെ തുടര്‍ന്ന് മരുന്നുവാങ്ങാന്‍ കഴിയാതെ വന്ന ഊരള്ളൂര്‍, ഊട്ടേരി, അത്യോട്ടുമീത്തല്‍ പുഷ്പയ്‌ക്ക് മുംബൈയില്‍ നിന്ന് മരുന്ന് എത്തിച്ച് നല്‍കി കൊയിലാണ്ടി അഗ്‌നിരക്ഷാസേനയും മലയാളി അസോസിയേഷനും. ഒരു ലക്ഷം രൂപയോളം വിലവരുന്ന മരുന്ന് മുംബൈയിലെ വി കെയര്‍ ഫൗണ്ടേഷന്‍ സൗജന്യമായി നല്‍കി വരികയായിരുന്നു. ലോക്ക് ഡൗണ്‍ മൂലം മരുന്ന് കിട്ടാതെ വന്ന വിവരം അറിഞ്ഞ സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍ ശ്രീരാജ് ഇക്കാര്യം ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചു.
ഉടനെ സിവില്‍ വളണ്ടിയര്‍ അഷ്റഫ് മുഖേന മുംബൈയില്‍ ബന്ധപെട്ടു. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മഹാരാഷ്‌ട്ര ജനറല്‍ സെക്രട്ടറി അഡ്വ. പ്രേമമേനോന്‍ ഇടപെട്ട് ശ്രമമാരംഭിച്ചു.
ഇത്രയും വിലയേറിയ മരുന്ന് നേരിട്ടു നല്‍കാന്‍ വി കെയര്‍ ഫൗണ്ടേഷൻ പ്രയാസമറിയിച്ചപ്പോള്‍ കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്‍ സ്ഥാപനവുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നല്‍കാന്‍ തയ്യാറായി.
തുടര്‍ന്ന് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മരുന്ന് ശേഖരിച്ച് മുംബൈയില്‍ നിന്ന് കാസര്‍ഗോഡിലേക്ക് വരികയായിരുന്ന സ്‌നേഹ മാത്യു എന്ന നഴ്‌സ് മുഖേന ആംബുലന്‍സില്‍ കൊടുത്തയച്ചു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെ നിര്‍ദേശപ്രകാരം ഫയര്‍ ആന്റ് റെസ്‌ക്യൂ വാഹനത്തില്‍ കാസര്‍ഗോഡ് നിന്നും കൊയിലാണ്ടിയില്‍ അവരുടെ വീട്ടില്‍ എത്തിച്ചു കൊടുത്തു. ദിനംപ്രതി ഇരുപതിലധികം ആളുകള്‍ക്ക് സേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്നുണ്ട്.
മരുന്ന് ആവശ്യമുള്ളവര്‍ 101 എന്ന നമ്പറില്‍ വിളിച്ചാല്‍ വാട്‌സ്ആപ്പ് നമ്പര്‍ നല്‍കും. മരുന്നിന്റെ കുറിപ്പടി ആ നമ്പറിലേക്ക് അയച്ചു നല്‍കണം. കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ. സതീശന്‍, ഓഫീസര്‍മാരായ മനുപ്രസാദ്, മനോജ്, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരായ അഷ്റഫ് കാപ്പാട്, ശ്രീരാജ്, നിഥിന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: