രാജ്യത്തെ ബാങ്കിങ് മേഖലയില്‍ കോടികളുടെ നഷ്ടം വരുത്തിയ മെഹുല്‍ ചോക്സി, വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരില്‍ നിന്ന് കോടികളാണ് മോദി സര്‍ക്കാര്‍ കണ്ടുകെട്ടിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത്, അനിയന്ത്രിതമായി രാജ്യത്തെ വ്യവസായ പ്രമുഖന്മാര്ക്ക് വായ്പ നല്‍കുകയും തിരിച്ചടവ് മുടക്കിയവര്‍ക്കെതിര നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വരുത്തിവച്ചിരുന്നു. അതിന് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കേന്ദ്ര നടപടി.
വാസ്തവം ഇതായിരിക്കെ സര്‍ക്കാരിനെ കരിവാരിത്തേയ്ക്കാന്‍ ഇറങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി എംപിയും പരിവാരങ്ങളും. ചില മാധ്യമങ്ങളും അത് ഏറ്റുപാടുന്നുണ്ട്. ഇതിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. അതും കണക്കുകള്‍ സഹിതം. വജ്രവ്യാപാരി ചോക്സി അടക്കം അമ്പതുപേരുടെ 68,607 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് നിര്‍മല സീതാരാമന് വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ആര്‍ബിഐ നല്കിയ മറുപടിയിലാണ് ഈ തുക എഴുതിത്തള്ളിയെന്ന പരാമര്‍ശമുള്ളത്. റൈറ്റ് ഓഫ് എന്നാല്‍ വായ്പ എഴുതിത്തള്ളല്‍ അല്ല എന്നും ബാലന്‍സ് ഷീറ്റ് ക്രമീകരണം മാത്രമാണെന്നും മനസ്സിലാക്കാന്‍ കഴിയാത്തവരെക്കുറിച്ചു എന്തു പറയാന്‍! അവര്‍ സ്വന്തം വിവരക്കേട് വിളിച്ചു പറഞ്ഞു ആഘോഷമാക്കുകയാണ്. റൈറ്റ് ഓഫ് എന്നത് ഒരു സാങ്കേതികത്വം മാത്രമാണ്. തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടികള്‍ തുടരുക തന്നേ ചെയ്യും. അതിന്റെ ഭാഗമാണ് മേല്‍ പറഞ്ഞ കണ്ടുകെട്ടല്‍.
യുപിഎ ഭരിച്ചിരുന്ന 2006-2008 കാലയളവിലാണ് മോശം വായ്പകള്‍ കൂടുതലും നല്‍കിയത്. അതും വായ്പാ തിരിച്ചടവുകളില്‍ നിരന്തരം വീഴ്ചവരുത്തിയവര്‍ക്ക്. പക്ഷെ, അന്നൊന്നും അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ, വായ്പാ കുടിശിക ഇനത്തില്‍ കോടികളുടെ ബാധ്യത വരുത്തിവയ്ക്കുകയായിരുന്നു യുപിഎ സര്‍ക്കാര്‍. 2009-2010, 2013-2014 കാലത്ത് 1,45,226 കോടി രൂപയുടെ വായ്പാ കുടിശികയാണ് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത്. നീരവ്, ചോക്സി, മല്യ തുടങ്ങിയവരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്ന റവന്യൂ റിക്കവറി ഉള്‍പ്പെടെ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിനോടകം 18,332.7 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. കേന്ദ്രം നടപടി കടുപ്പിച്ചതോടെയാണ് മൂവരും രാജ്യം വിട്ടതും. അവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടുതുടങ്ങി.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് വായ്പാ തട്ടിപ്പുകാര്‍ക്ക് ഒത്താശ ചെയ്തവര്‍ തന്നെ വ്യാജപ്രചാരണം നടത്തി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് എങ്ങനെയൊക്കെ മങ്ങല്‍ ഏല്‍പ്പിക്കാം എന്നതിനെപ്പറ്റിയല്ലാതെ, ഈ മഹാവ്യാധിയുടെ സമയത്തും ക്രിയാത്മകമായി ചിന്തിക്കാനോ, പെരുമാറാനോ അവര്‍ക്ക് സാധിക്കുന്നില്ല. 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പാ കുടിശ്ശിക വരുത്തിയവരുടെ നിഷ്ക്രിയ ആസ്തികള്‍ കണ്ടുകെട്ടുന്നതിനുള്ള കര്‍ശന നടപടികളാണ് 2015 മുതല്‍ മോദി സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ഇതിനൊക്കെ പുറമെ നീരവ്, മല്യ, ചോക്സി തുടങ്ങിയ വായ്പാതട്ടിപ്പ് വീരന്മാരെ തിരികെ ഇന്ത്യയിലെത്തിച്ച്, ഉചിതമായ ശിക്ഷ നേടിക്കൊടുക്കുന്നതിനുള്ള നിയമ നടപടികളും ശക്തമാക്കിയിട്ടുണ്ട്. വന്‍കിടക്കാര്‍ക്ക് വായ്പ നല്കുമ്പോള് കൂടുതല്‍ ഉത്തരവാദിത്തം ബാങ്കുകള്‍ കാണിക്കേണ്ടതുണ്ടെന്ന വസ്തുതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ ‘ഫോണ്‍ എ ലോണ്‍ ‘അഴിമതിയിലൂടെ രാജ്യത്ത് നിഷ്ക്രിയ ആസ്തി കുന്നുകൂടിയെന്നും അത് എന്‍ഡിഎ സര്‍ക്കാരിന് അധിക ബാധ്യതയായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിങ് മേഖലയുടെ തകര്‍ച്ചയ്ക്ക് തന്നെ വഴിയൊരുക്കിക്കൊണ്ടുള്ള തീരുമാനമായിരുന്നു അത്. അതില്‍ നിന്നെല്ലാം കരകയറുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് മോദി സര്‍ക്കാര്‍.
ലോക്സഭയില്‍ കേവലം ഒരു കുട്ടിയുടെ ലാഘവത്തോടെ പെരുമാറുന്ന രാഹുല്‍ ഗാന്ധി എംപിക്ക് താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്ന ചിന്തയൊന്നും ഇല്ല. അങ്ങനെയെങ്കില്‍ വായ്പ എഴുതിത്തള്ളലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ധനമന്ത്രി നല്കിയ മറുപടിയും അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: