ന്യൂദല്‍ഹി: കോറോണ വൈറസിനെതിരായി രാപകല്‍ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയായാന്‍ ദുര്‍ഗാപൂരിലെ സെന്‍ട്രല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സി.എസ്.ഐ.ആര് ലാബ് ഒരു റോബോട്ടിനെ നിര്‍മ്മിച്ചു. ഹോസ്പിറ്റല്‍ കെയര്‍ അസിസ്റ്റീവ് റോബോട്ടിക് ഡിവൈസ് ആണ് ഈ പുതിയ താരം. ചലിക്കാന്‍ കഴിയുന്ന ഈ റോബോട്ടിനെ രോഗികള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കുക, അവരുടെ സ്രവസാമ്പിളുകള്‍ ശേഖരിക്കുക, ആശയവിനിമയം നടത്തുക എന്നിവയ്ക്കും പ്രയോജനപ്പെടുത്താം. റോബോട്ടിന്റെ രംഗപ്രവേശം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ഭീഷണി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
വിവിധ കഴിവുകള്‍ വശമുള്ള റോബോട്ട് സ്വമേധയായും മനുഷ്യനിയന്ത്രിതമായും പ്രവര്‍ത്തിക്കും. പ്രത്യേക കണ്ട്രോള് സ്റ്റേഷനിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.
ശാരീരിക അകലം പാലിച്ച് കോവിഡ് രോഗികളെ പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ റോബോട്ട് കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് സി.എസ്.ഐ.ആര്-സി.എം.ഇ.ആര്.ഐ ഡയറക്ടര്‍ പ്രൊ.(ഡോ) ഹരീഷ് ഹിറാനി പറഞ്ഞു. 80 കിലോഗ്രാം മാത്രം ഭാരമുള്ള റോബോട്ടിന് അഞ്ചു ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ചെലവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.എസ്.ഐ.ആര്-സി.എം.ഇ.ആര്.ഐ നടത്തുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ പ്രധാനമാര്‍ഗമായി ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുള്ള വ്യക്തിസംരക്ഷണ വസ്ത്രം(പി.പി.ഇ), ആരോഗ്യസ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി സമൂഹതല സുരക്ഷാ ഉപാധി എന്നിവ വികസിപ്പിച്ചെടുക്കുന്നതില്‍ സി.എസ്.ഐ.ആര്-സി.എം.ഇ.ആര്.ഐ പ്രത്യേക ശ്രമം നടത്തുന്നുണ്ട്.
അണുനാശിനി അറ, റോഡുകളിലെ അണിനാശിനി യൂണിറ്റുകള്‍, മുഖാവരണം, മെക്കാനിക്കല്‍ വെന്റിലേറ്ററുകള്‍, ആശുപത്രി മാലിന്യസംസ്കരണ യൂണിറ്റുകള്‍ എന്നിവയും സി.എസ്.ഐ.ആര്-സി.എം.ഇ.ആര്.ഐ ഗവേഷകര്‍ ഇതിനോടകം വികസിപ്പിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: