കോവിഡ് 19 കേരളത്തിന്റെ മാത്രം ധനസ്ഥിതിയെ ബാധിക്കുന്നതല്ല. ലോകത്തിനും രാജ്യത്തിനും വരുത്തിവയ്ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പൊതുവായ നടപടിയാണ് ആവശ്യം. അതിന് സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുജനങ്ങള്‍ ഒന്നടങ്കത്തിന്റെ അറിവും അനുമതിയും അംഗീകാരവും നേടേണ്ടത് അനിവാര്യമാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ അധ്യാപകരോടും ജീവനക്കാരോടും ശത്രുതയോടെയുള്ള സമീപനം സ്വീകരിച്ച് അവരുടെ മാസവരുമാനത്തില്‍ കൈയിട്ട് വാരി ഖജനാവ് നിറയ്ക്കാനുള്ള കുബുദ്ധിയാണ് പ്രയോഗിക്കാന്‍ ശ്രമിച്ചത്. ഭരണാനുകൂല സര്‍വീസ് സംഘടനകളുടെ ഒരു വിഭാഗം നേതൃത്വം സര്‍ക്കാരിന്റെ പകല്‍ കൊള്ളയെ പുകഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്തത് സര്‍ക്കാര്‍ അവസരമാക്കുകയായിരുന്നു. കൊറോണ പ്രതിസന്ധി നേരിടാന്‍ ഒരുമാസത്തെ ശമ്പളം ഞങ്ങളിങ്ങ് എടുക്കുകയാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് ആദ്യം പ്രസ്താവിച്ചത്. ഭരണപക്ഷത്തുനിന്നുപോലും എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ അഞ്ചുമാസംകൊണ്ട് ഒരുമാസത്തെ ശമ്പളം പിടിക്കാനായി തീരുമാനം. അത് എപ്പോള്‍ തിരിച്ചുനല്‍കും എന്നുപോലും വ്യക്തമാക്കിയിരുന്നില്ല. അതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ ഹൈക്കോടതിയില്‍ ചെന്നപ്പോള്‍ സര്‍ക്കാര്‍ തീരുമാനം വിലക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഏപ്രില്‍ 23 നാണ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ശമ്പളം പിടിക്കാന്‍ രണ്ടു മാസത്തേക്കാണ് സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ. ശമ്പളം ഔദാര്യമല്ലെന്നും ജീവനക്കാരുടെ അവകാശമാണെന്നും വ്യക്തമാക്കിയ ഹൈക്കോടതി ഭരണഘടന ഉറപ്പു നല്കുന്ന സ്വത്തവകാശത്തിന്റെ പരിധിയില്‍ ശമ്പളവും ഉള്‍പ്പെടുമെന്ന് വ്യക്തമാക്കിയത് സുപ്രധാന നിഗമനമാണ്.
പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലോ ദുരന്ത നിവാരണ നിയമത്തിലോ ശമ്പളം പിടിക്കാനും വൈകിപ്പിക്കാനുമുള്ള അധികാരം സര്‍ക്കാരിന് നല്കുന്ന വ്യവസ്ഥകളില്ല. ശമ്പളത്തില്‍ നിന്നു പിടിക്കുന്ന തുക ചെലവിടുന്നതിനെക്കുറിച്ച് ഉത്തരവില്‍ അവ്യക്തതയുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു മാത്രമാണ് ഉത്തരവില്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കാനുള്ള കാരണമല്ല. ഉത്തരവ് ഏതെങ്കിലും നിയമത്തിന്റെയോ ചട്ടത്തിന്റെയോ അടിസ്ഥാനത്തിലാണെന്ന് കണ്ടെത്താനാവുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിലൂടെ ജീവനക്കാരുടെ ശമ്പളം കുറച്ചു മാസത്തേക്ക് വൈകിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന വാദം നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജികള്‍ മെയ് 20ന് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചത്.
സഹകരണ ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ അടിസ്ഥാന ശമ്പളം മൂന്നു ഗഡുക്കളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ നിഗമനങ്ങളെയും നടപടികളെയും സംസ്ഥാന സര്‍ക്കാര്‍ തൃണവല്‍ഗണിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് നിര്‍ഭാഗ്യകരമാണ്. നിയമത്തെയും കോടതിയേയും മാനിക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് മന്ത്രിസഭ നല്‍കിയിട്ടുള്ളത്. കോടതിവിധി തൃപ്തികരമല്ലെങ്കില്‍ മേല്‍ കോടതിയില്‍ പോകുന്നതാണ് മര്യാദ. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല. ഓര്‍ഡിനന്‍സ് വഴി നടപടികള്‍ക്ക് നിയമസാധുത ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാലെ സര്‍ക്കാര്‍ ഉദ്ദേശിച്ചകാര്യം നടപ്പിലാക്കാന്‍ സാധിക്കൂ. തൊഴിലെടുത്തതിന് ശമ്പളം നല്‍കാത്തത് ഭരണഘടനയുടെ തന്നെ ലംഘനമാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടിയനിലയ്ക്ക് ഈ കാരണം പറഞ്ഞ് ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞ സാഹചര്യത്തില്‍ കേന്ദ്രവും മറ്റ് സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ച നടപടികള്‍ക്കും ഇത് ബാധകമാകുമെന്നാണ് ധനമന്ത്രി ആശ്വസിക്കുന്നത്. എത്രമാത്രം കുനുഷ്ഠ് നിറഞ്ഞതാണ് മന്ത്രിയുടെ മനസ്സെന്നാണ് ഇത് തെളിയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളത്തിലും പ്രത്യേക ഫണ്ടിലും മാത്രമാണ് നടപടിക്ക് ഒരുങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ അടുത്തവര്‍ഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ക്ഷാമബത്ത മരവിപ്പിക്കുക മാത്രമാണ് ചെയ്തത്. ചില സംസ്ഥാനങ്ങളും ഈ രീതിയിലാണ് വരുമാനവര്‍ധനവ് പ്രതീക്ഷിക്കുന്നത്. പഞ്ചാബ് ജീവനക്കാര്‍ക്ക് കടുത്ത ആഘാതമുണ്ടാക്കുംവിധം നിലപാട് സ്വീകരിച്ചു. കേരളത്തിന്റെ പകല്‍ക്കൊള്ള ഓര്‍ഡിനന്‍സ് എന്ന അധികാരദുര്‍വിനിയോഗത്തിലൂടെ നടപ്പാക്കാന്‍ നോക്കുന്നത് സ്വേഛാധിപത്യം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: