വേങ്ങേരി: ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീട്ടില്‍ എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് അതിക്രമം. കക്കോടി കണ്ണാടിക്കല്‍ റോഡില്‍ പിഞ്ചു അംഗന്‍വാടിക്ക് സമീപം മേയാട്ടില് പ്രജിത്തിന്റെ വീട്ടിലാണ് ചേവായൂര്‍ എസ്ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വന്ന പോലീസ് സംഘം അതിക്രമിച്ച് കയറി വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും പ്രായമായ അമ്മയെയും വീട്ടിലുണ്ടായിരുന്നവരെയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച 11 മണിയോടെയായിരുന്നു സംഭവം.
തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ ചേവായൂര്‍ എസ്ഐ അനില്‍കുമാര്‍ ഇവിടെ ആരെടാ ചാരായം കാച്ചുന്നത് എന്ന് ചോദിച്ചായിരുന്നു അതിക്രമം നടത്തിയത്. ഒരു മണിക്കൂറോളം വീടും പരിസരവും അരിച്ച് പെറുക്കിയെങ്കിലും പോലീസിന് ഒന്നും കണ്ടെത്താനായില്ല. നിരാശയില്‍ അരിശംമൂത്ത എസ്ഐയും സംഘവും വയോധികയെയും അസുഖബാധിതനായ മുത്തമകനെയും മര്‍ദ്ദിക്കുകയായിരുന്നു. ഓടിട്ട വീടിന്റെ സീലിങ്ങ് അടക്കം പരിശോധനയ്ക്കെന്ന പേരില്‍ പോലീസ് പൊളിച്ചു. വേങ്ങേരിയിലെ ചില ഭാഗങ്ങളില്‍ വ്യാജവാറ്റ് വ്യാപകമാണെങ്കിലും പോലീസ് അവിടെയൊന്നും പരിശോധന നടത്തിയില്ല.
ടാക്സി ഡ്രൈവറായ പ്രജിത്ത് മൂന്ന് വയസുള്ള കുട്ടിയുടെ കണ്ണിന്റെ ലേസര്‍ ചികിത്സയ്ക്ക് വേണ്ടി ഹൈദരാബാദില്‍ പോയി വന്ന ശേഷം ക്വാറന്റൈനില്‍ കിടക്കുകയാണ്. സംഭവ വിവരം കേട്ടറിഞ്ഞ് അവിടെയെത്തിയ ഇവരുടെ രണ്ടാമത്തെ മകന് പ്രതീക്ഷിനെയും സംസാരിക്കാന്‍ പോലും അനുവദിക്കാതെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു എസ്ഐ അനില്‍കുമാര്‍ ചെയ്തത്. സാരമായി പരിക്കേറ്റ പ്രതീക്ഷ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.തുടര്‍ന്ന് കമ്മീഷണര്‍ക്ക് പരാതി കൊടുക്കുകയും ചെയ്തു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സംഘടിച്ചതോടെയാണ് പോലീസ് അക്രമം അവസാനിപ്പിച്ചത്. പ്രദേശത്തെ സേവന സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായ കുടുംബമാണിത്.
ബിജെപി പ്രതിഷേധിച്ചു
വേങ്ങേരി: ക്വാറന്റൈനിലുള്ള യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രായമായ അമ്മയെയും സഹോദരങ്ങളെയും മര്‍ദ്ദിച്ചതില്‍ ബിജെപി വേങ്ങേരി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. സാമാന്യ മര്യാദ പോലും കാണിക്കാതെ കാടന്‍ സമീപനമാണ് ചേവായൂര്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോവിഡ് കാലഘട്ടത്തില്‍ കഷ്ടപ്പെടുന്ന മൊത്തം പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണിത്. കുറ്റക്കാരനായ ചേവായൂര്‍ എസ്ഐ അനില്‍കുമാറിനെതിരെ നടപടി എടുക്കണമെന്നും യോഗം പ്രസ്താവനയില്‍ അവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: