കോഴിക്കോട്: കോവിഡ് രോഗബാധയെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സേവാഭാരതിക്ക് സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ക്ക് ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ ഉച്ചഭക്ഷണം ഒരുക്കാനുള്ള പ്രയത്നത്തിനാണ് ഉദാരമനസ്കരുടെ പിന്തുണയേറുന്നത്. സൗജന്യ മരുന്ന് വിതരണം, യാത്രാ സഹായം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും ലഘുഭക്ഷണവും കുടിവെള്ളവും എത്തിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി നടത്തിക്കൊണ്ടിരിക്കുന്നത്. കൊയിലാണ്ടി, വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം തുടങ്ങി ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടന്നു വരുന്നു. പ്രതിദിനം ആയിരക്കണക്കിന് വീടുകളിലേക്കാണ് വിവിധ സേവാപ്രവര്‍ത്തനങ്ങള്‍ എത്തുന്നത്. അവസാനമായി ലഭിച്ച കണക്കു പ്രകാരം ഏപ്രില്‍ 27 ന് 192 സ്ഥലങ്ങളില്‍ സേവാപ്രവര്‍ത്തനം നടന്നു. 2822 പേര്‍ക്ക് ഭക്ഷണവും 1246 കിറ്റും വിതരണം ചെയ്തു. 10674 പേരാണ് വിവിധ സേവാപ്രവര്‍ത്തനങ്ങളില്‍ ഗുണഭോക്താക്കളായത്. 769 പുരുഷന്മാരും, 28 വനിതകളും അന്ന് സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
കിറ്റ് വിതരണം ശുചീകരണം രക്തദാനം പാലിയേറ്റീവ് കെയര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസ് ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ക്ക് തണ്ണിമത്തന്, ഇളനീര് ജൂസ് വിതരണം തുടങ്ങി വിവിധ പരിപാടികളാണ് അന്ന് നടന്നത്. മാര്‍ച്ച് 23 മുതല്‍ നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഇത് നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്റെയും സമീപ പ്രദേശങ്ങളേയും ഉള്‍ക്കൊള്ളിച്ച് അര്‍ഹരായ പതിനായിരം പേര്‍ക്ക് ഭക്ഷണ കിറ്റ് നല്‍കാനാണ് സേവാഭാരതി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഓരോ പ്രദേശങ്ങളില്‍ നിന്നും ഉദാരമനസ്ക്കരില് നിന്നും സാമ്പത്തിക, ഉല്‍പ്പന്ന ശേഖരണം നടന്നുവരികയാണ്. കോര്‍പ്പറേഷനില്‍ 120 കേന്ദ്രങ്ങളിലാണ് ഇത് നടക്കുന്നത്.
എരഞ്ഞിക്കലില്‍ നിന്ന് 75000 രൂപ പ്രവര്‍ത്തകര്‍ ശേഖരിച്ച് സേവാഭാരതിക്ക് കൈമാറി. പടിഞ്ഞാറ്റും മുറി, ചാലില്‍ത്താഴം എന്നിവിടങ്ങളില്‍ നിന്നായി 25750 രൂപയും, പെരുമുഖത്ത് നിന്ന് 10000 രൂപയും ആദ്യഗഡുവായി നല്കി. വെള്ളയില്‍ നിന്ന് 122160 രൂപ, എടക്കല്‍ പള്ളിക്കണ്ടി ഭട്ട് റോഡ് എന്നിവിടങ്ങളില്‍ നിന്ന് 84000 രൂപ, കക്കാടത്ത് 10,000 രൂപ, കുണ്ടൂപ്പറമ്പ് 92000, കിഴക്കുംമുറി 28750, മണക്കടവില്‍ നിന്ന് 11750 രൂപ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സേവാഭാരതിക്ക് തുക കൈമാറിവരുന്നു. ഈ പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സേവാഭാരതി മെഡിക്കല്‍ കോളജ് യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കാവുന്നതാണ്. സേവാഭാരതി ബേങ്ക് ഓഫ് ബറോഡ, മെഡിക്കല്‍ കോളജ് ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍ 47120100002245.
പ്രതികരിക്കാൻ ഇവിടെ എഴുതുക: