പത്തനംതിട്ട: കോവിഡ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഒരാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തെള്ളിയൂർ മൃഗാശുപത്രിയിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ കോയിപ്രം അശ്വതി ഭവനിൽ മായയെയാണ് പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ എസ്. ന്യൂമാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട കൊറോണ കൺട്രോൾ റൂമിൽ നിന്നും പുറത്തുവിട്ട ലിസ്റ്റ് പ്രതി സ്വന്തം വാട്സ്ആപ്പ് നമ്പരിൽ നിന്നും ഇതര ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ജില്ലാ പോലീസ് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരുടെ വാട്സ്ആപ്പ് നമ്പറിൽ നിന്നാണ് ലിസ്റ്റ് ചോർന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടർന്നു വരുകയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: