പത്തനംതിട്ട: കൊടുമണ്ണിൽ പത്താംക്ലാസ് വിദ്യാർഥിയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം വിപുലീകരിച്ചു. അടൂർ ഡിവൈഎസ്പി ജവഹർ ജനാർദിനാണ് ചുമതല. ഏനാത്ത് സിഐ. ജയകുമാർ, കൂടൽ എസ്ഐ. എസ്.ആർ.സേതുനാഥ്, കോന്നി എസ്ഐ വി.എസ്.കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം കൊടുമൺ എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ജുവനൈൽ ഹോമിൽ എത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ രക്തസാമ്പിളും വിരലടയാളവും ശേഖരിച്ചു. കസ്റ്റഡിയിൽ എടുത്ത സമയത്ത് പ്രതികൾ നൽകിയ മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ, ഷൂസ് ഇവയുടെ കൈ മാറ്റവുമായ ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലക്ക് പ്രധാന കാരണമായതായി പ്രതികൾ പറയുന്നത്.
തർക്കങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള കളിയാക്കലിനും ഇടയാക്കി. ഇത് പ്രതികൾക്ക് വൈരാഗ്യം വർധിക്കാൻ ഇടയാക്കി. തുടർന്ന് പ്രതികൾ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു വെന്നാണ് സൂചന. കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഏറെ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുമൺ എസ്എച്ച്ഒ ശ്രീകുമാറിനെ മാറ്റി നിർത്തിയാണ് പുതിയ ടീമിന് ജില്ലാ പോലീസ് ചീഫ് കഴിഞ്ഞ ദിവസം രൂപം നൽകിയത്. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ലഭിക്കാനായി രണ്ട് തവണ നൽകിയ അപേക്ഷയും കോടതി തള്ളിയത് പോലീസിന് തിരിച്ചടിയായി.
ആദ്യ തവണ നടപടി ക്രമങ്ങൾ പാലിക്കാതെ നൽകിയ അപേക്ഷ മജിസ്ട്രേറ്റ് രശ്മി ബി. ചിറ്റൂർ തിരിച്ചയച്ചു. പിന്നലെ ജുവനൈൽ സ്പെഷൽ ഓഫീസർ ആയി കൊടുമൺ ഇൻസ്പെക്ടറെ എസ്പി നിയമിച്ചതോടെ നടപടി ക്രമത്തിന് സാധൂകരണം വന്നു. എന്നാൽ, രണ്ടാമത് നൽകിയ കസ്റ്റഡി അപേക്ഷയും കോടതി തള്ളി. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധമായ കല്ല് കണ്ടെത്താൻ വേണ്ടി പ്രതികളെ കസ്റ്റഡിയിൽ വിടണം എന്നായിരുന്നു അപേക്ഷയിൽ പറഞ്ഞിരുന്നത്.
കല്ല് കണ്ടെത്തിയതായി റിമാൻഡ് നോട്ടിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. പ്രതികളെ പാർപ്പിച്ചിരിക്കുന്ന കൊല്ലം ജുവനൈൽ ഹോമിൽ എത്തി പ്രതികളെ ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചത്.സംഭവസ്ഥലത്ത് പ്രായപൂർത്തിയാകാത്ത പ്രതികളെ കൊണ്ട് മൃതദേഹം മൂടിയ മണ്ണ് മാറ്റിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അടൂർ ആർഡിഒയും തഹസീൽദാറും സ്ഥലം സന്ദർശിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രതികളെ കൊണ്ട് മണ്ണ് നീക്കംചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസിൽ തന്നെയുള്ളവർ പ്രചരിപ്പിച്ചതായാണ് ആരോപണം. ഇത് പോലീസിലും ചേരിതിരിവിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: