കണ്ണൂര്‍: വിദേശത്തുളള മലയാളികളെ സംസ്ഥാനത്തെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ പൂര്ത്തീകരിച്ചുവരവെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വിദേശമലയാളികളെ എത്തിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരുടെ സമര നാടകം. കണ്ണൂര്‍ വിമാനത്താവള കവാടത്തിന് മുന്നിലാണ് ഇന്നലെ വിദേശത്തുള്ള മലയാളികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ ധര്‍ണ നടത്തിയത്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എംപിമാരായ കെ. സുധാകരന്, കെ. മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന്, സണ്ണി ജോസഫ് എംഎല്‍എ തുടങ്ങിയവരാണ് ധര്‍ണയില്‍ പങ്കെടുത്തത്. വോട്ട് ബാങ്ക് മുന്നില്‍ കണ്ട് തങ്ങളാണ് പ്രവാസികളുടെ സംരക്ഷകരെന്ന് വരുത്തിത്തീര്‍ക്കാനുളള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ സമരാഭാസത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബൃഹദ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ലോക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നിന് ശേഷം ഇവാക്വേഷന് നടപടികള്‍ ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ആഴ്ചകള്‍ നീളുന്ന വലിയ പ്രക്രിയയായതിനാല്‍ കൃത്യമായ സജ്ജീകരണങ്ങളില്ലെങ്കില്‍ കൊറോണ വ്യാപനം വീണ്ടും സംഭവിക്കാം. അതിനാല്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തൃപ്തികരമാണൊ എന്ന് കേന്ദ്രം വിലയിരുത്തുന്നുണ്ട്. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, പ്രായമേറിയവര്‍, കുട്ടികള്‍, മറ്റു രോഗങ്ങളുള്ളവര്‍, സ്റ്റുഡന്റ് വിസയിലുള്ളവര്‍, മറ്റുള്ളവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് ആളുകളെ മടക്കിയെത്തിക്കുക.
പ്രവാസികള്‍ മടങ്ങിയെത്തുന്നത് കണക്കിലെടുത്ത് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിദേശകാര്യ മന്ത്രാലയം ചോദിച്ചിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി അജയ് ഭല്ല കഴിഞ്ഞ ദിവസം സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യത്തില്‍ സ്വീകരിച്ച പുരോഗതി ആരാഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒരുക്കങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്. നാട്ടിലെത്തിക്കുന്ന പ്രവാസികളുടെ ക്വാറന്റീന് പ്രവേശനമടക്കമുള്ളവ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: