തിരുവനന്തപുരം: തന്റെ കമ്പനി തകര്‍ത്ത് ചതിച്ചത് ജീവനക്കാര്‍ തന്നെയാണെന്ന വെളിപ്പെടുത്തലുമായി പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആര് ഷെട്ടി. കമ്പനിക്കുള്ളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ബി.ആര് ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാന്‍ മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. തന്റെ സ്ഥാപനത്തില്‍ ഇത്രക്ക് ക്രമക്കേടുകള്‍ എങ്ങനെ നടന്നു എന്നറിയാന്‍ വേണ്ടി സ്വകാര്യ ഏജന്‍സിയെക്കൊണ്ട് ഷെട്ടി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയ വിവരങ്ങളുടെ ചുരുക്കമാണ് അദേഹം ഇപ്പോള്‍ പ്രസ്താവനയായി പുറത്തുവിട്ടിരിക്കുന്നത്.
കമ്പനിയില്‍ നേരത്തെ ജോലി ചെയ്തവരും ഇപ്പോഴുള്ള ജോലിക്കാരില്‍ ചിലരും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവര്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തി. ചെക്കുകള്‍ ഉപയോഗിച്ച് എന്റെ അറിവോ സമ്മതമോ ഇല്ലാതെ അവര്‍ പല സാമ്പത്തിക ഇടപാടുകളും നടത്തി. എന്റെ വ്യാജ ഒപ്പിട്ട് വായ്പകള്‍ ഉണ്ടാക്കി മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിച്ചു. ഇവര്‍ തന്ത്രപരമായി തന്റെ പേരില്‍ കമ്പനികളും ആരംഭിച്ചു. വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു. ചെലവുകളുടെ കാര്യത്തിലും അഴിമതി കാണിച്ചുവെന്നും ഷെട്ടി പറയുന്നു.
തന്റെ പേരിലുള്ള എല്ലാ ആരോപണങ്ങളെല്ലാം ഇല്ലാതാക്കി സത്യം പുറത്തുകൊണ്ടുവരാന്‍ കഠിനമായി ശ്രമിക്കുകയാണെന്നും ഷെട്ടി പറഞ്ഞു. വിവാദം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ബി.ആര്.ഷെട്ടി ഒരു പ്രസ്താവനയിറക്കുന്നത്. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (96.3 കോടി ഡോളര്‍), ദുബായ് ഇസ്ലാമിക് ബാങ്ക് (54.1 കോടി ഡോളര്‍), അബുദാബി ഇസ്ലാമിക് ബാങ്ക് (32.5 കോടി ഡോളര്‍), സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് (25 കോടി ഡോളര്‍), ബാര്‍ക്ലെയ്സ് ബാങ്ക് (14.6 കോടി ഡോളര്‍) എന്നിങ്ങനെയാണ് ഷെട്ടിക്ക് കൊടുത്തുതീര്‍ക്കാനുള്ള ബാധ്യതകള്‍. ആകെ എണ്‍പതിലധികം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഷെട്ടി പണം കൊടുക്കാനുണ്ട്.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മെഡിക്കല്‍ കെയര്‍ ഹെല്‍ത്ത് കമ്പനിയില്‍ ചില സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം വന്നതോടെയാണ് ഷെട്ടിയ്ക്ക് പ്രശ്നം ഉണ്ടാകുന്നത്. കമ്പനിയുടെ സ്റ്റോക്ക് വില മൂന്നിലൊന്നായി ഇടിഞ്ഞു. ഷെട്ടിയുടെ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന സ്ഥാനങ്ങളിലുള്ള പല എക്സിക്യൂട്ടീവുകളും രാജിവെച്ചു. ഷെട്ടി സ്വയം എക്സിക്യൂട്ടീവ് ചെയര്മാന് എന്ന സ്ഥാനം രാജിവെച്ചു.
കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ഷെട്ടി. മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഷെട്ടിക്ക് വേണ്ടി വോട്ടുപിടിക്കാന്‍ അടല്‍ ബിഹാരി വാജ്പേയി അടക്കമുള്ള ദേശീയ നേതാക്കളെത്തി. പതിനഞ്ചില്‍ പന്ത്രണ്ടു സീറ്റും നേടി ഉടുപ്പി നഗരസഭ ജനസംഘം പിടിച്ചെടുക്കുകയും ഷെട്ടി വൈസ് പ്രസിഡന്റാവുകയും ചെയ്തു. രാഷ്ട്രീയത്തിലിറങ്ങി കടക്കാരനായത് വീട്ടാന്‍ എഴുപതുകളുടെ തുടക്കത്തില്‍ അബുദാബിയിലെത്തിയ ഷെട്ടിയുടേത് ആരെയും അതിശയിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: