ഭോപ്പാല്‍ : ചട്ടം ലംഘിച്ച് ഇന്ത്യയിലേക്കെത്തിയ ബംഗ്ലാദേശി തബ്‌ലീഗ് പ്രവര്‍ത്തകരെ മധ്യപ്രദേശ് സര്‍ക്കാര്‍ ജയിലിലടച്ചു. വിസാ ചട്ടങ്ങള്‍ ലംഘിച്ച് ഇന്ത്യയിലേക്ക് എത്തിയ 10 പേരെയാണ് ജയിലിലാക്കിയത്. നിസ്സാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഒളിവിലാവുകയും ഇവരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചശേഷമാണ് ജയിലിലേക്ക് മാറ്റിയിരിക്കുന്നത്.
തബ്‌ലീഗില്‍ പങ്കെടുത്തശേഷം ഇവര്‍ മധ്യപ്രദേശിലേക്ക് കടക്കുകയും ഷിയോപൂരില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്. തുടര്‍ന്ന് തെരച്ചിലില്‍ കീഴടങ്ങിയവരെ ജില്ലാ ആശുപത്രിയില്‍ പ്രത്യേക കൊറോണ വാര്‍ഡുകളിലാണ് താമസിപ്പിച്ചിരുന്നത്. നിലവില്‍ കൊറോണ രോഗലക്ഷണമില്ലാത്ത എല്ലാവരേയും ജയിലിലേക്ക് മാറ്റാനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം അറസ്റ്റിലായ 10 ബംഗ്ലാദേശികള്‍ വിസ നിയമം ലംഘിച്ചതിന്റെ പേരില്‍ ശിക്ഷാകാലാവധി അവസാനിക്കുംവരെ ജയിലില്‍ കിടക്കേണ്ടിവരും. ബംഗ്ലാദേശികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ പ്രത്യേകം വകുപ്പുകളിട്ട് കേസ്സുകള്‍ എടുത്തതായും മധ്യപ്രദേശം ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ജയില്‍ ശിക്ഷ നല്‍കുകയെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
















