തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ് കോട്ടയം ഇടുക്കി ജില്ലയെ റെഡ്സോണ്‍ ആക്കിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പിആറുകാരും ആവര്‍ത്തിച്ചിരുന്നത്. വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സര്‍ക്കാരിന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാന്‍ ആകില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
കോവിഡ് രോഗപ്രതിരോധത്തില്‍ ഒരു വിട്ടു വീഴ്ചയും പാടില്ല. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ ഓര്‍മിപ്പിച്ചത്. അവസാനത്തെ രോഗിയും സുഖം പ്രാപിച്ചാലേ രാജ്യം സുരക്ഷിതമായി എന്ന് പറയാനാകൂവെന്നും അല്ലാത്തപക്ഷം നാമെല്ലാവരും കൊവിഡ് രോഗത്തിന്റെ നോട്ടപ്പുള്ളികളാണ്.
എപ്പോള്‍ വേണമെങ്കിലും നമ്മെ കീഴ്പ്പെടുത്താന്‍ വൈറസ് ട്രിഗര്‍ അമര്‍ത്താം. ലോകരാജ്യങ്ങളില്‍ പലയിടത്തും നാം ഇത് കണ്ട് കഴിഞ്ഞു. ജാഗ്രതയുടെ കണ്ണൊന്ന് തെറ്റിയാല്‍ അത് അപകടമാകും. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിന് പിഴവ് പറ്റിയോ എന്ന് കൂടി ആലോചിക്കേണ്ട സമയമാണ്. രാജ്യമൊന്നാകെ യുദ്ധസമാന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ കേരളത്തിലെ ഇടതുസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് നാം ഇടുക്കിയിലും കോട്ടയത്തും കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പറഞ്ഞുതീരുംമുമ്പേ ഗ്രീന്‍ സോണ്‍ ആയിരുന്ന ഇടുക്കിയും കോട്ടയവും റെഡ് സോണായി മാറി. മറ്റുളളവര്‍ സര്‍ക്കാരിനെക്കുറിച്ച് മേനി പറയുന്നത് കേട്ട് കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറണം. എന്നിട്ട് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ വ്യാപകമായി നടത്തണം. എങ്കിലേ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന് അതിവേഗം തിരിച്ചറിയാനാകൂ. അല്ലെങ്കില്‍ ഈ വൈറസ് നമ്മുടെ നാടിനെ വിഴുങ്ങുന്നതാകും ഫലം. അതീവ ജാഗ്രത തുടരാം. അതില്‍ വിട്ടുവീഴ്ച ഇനി പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: