മട്ടാഞ്ചേരി: ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധ ദമ്പതികള്‍ക്ക് കൊച്ചി തഹസില്‍ദാര്‍ തുണയായി. ഫോര്‍ട്ട് കൊച്ചി ഇഎസ്ഐ ആശുപത്രിക്ക് സമീപം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കഴിയുന്ന രോഗികളായ മാളിയേക്കല്‍ വീട്ടില്‍ വര്‍ഗീസ്(79), ഭാര്യ മേരി(61) എന്നിവര്‍ക്കാണ് തഹസില്‍ദാര്‍ തോമസിന്റെ ഇടപെടല്‍ സഹായമായത്. ഇവിടത്തെ വിദേശികള്‍ക്കായുള്ള സമൂഹഅടുക്കള സന്ദര്‍ശിക്കാനെത്തിയ തഹസില്‍ദാര്‍ പൊതുപ്രവര്‍ത്തകര്‍ പറഞ്ഞാണ് വൃദ്ധരുടെ അവസ്ഥയെ കുറിച്ചറിയുന്നത്.
ഉടന്‍ വീട് സന്ദര്‍ശിക്കുകയും റെഡ്ക്രോസ് സൊസൈറ്റി കൊച്ചി താലൂക്ക് കമ്മിറ്റിയുടേയും പാലിയേറ്റീവ് കെയറിന്റേയും സഹായത്തോടെ ഇരുവരെയും കുളിപ്പിച്ച് വൃത്തിയാക്കുകയും ചെയ്തു. അന്വേഷിച്ചപ്പോള്‍ ഇവരുടെ മകന് വിദേശത്ത് ജോലി ചെയ്യുകയാണെന്നും, മരുമകള്‍ നസ്റത്ത് മൂലങ്കുഴിയില്‍ താമസിക്കുന്നതായും കണ്ടെത്തി. തഹസില്‍ദാര്‍ ഇവരുമായി സംസാരിച്ചപ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ഇവരെ നോക്കാന്‍ കഴിയാത്തതെന്നായിരുന്നു ഇവരുടെ മറുപടി.
തുടര്‍ന്ന് ഇവരെ ശുശ്രൂഷിക്കാന്‍ ആളെ ഏര്‍പ്പാടാക്കി ചെലവ് മകന് വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീടിവരെ റെഡ്ക്രോസ് സൊസൈറ്റി കൊച്ചി താലൂക്ക് ചെയര്മാന് ടി.എം. നൂഹ്, മെമ്പര്‍ സുബ്രഹ്മണ്യന്, എസ്. ശിവകുമാര്‍, പാലിയേറ്റീവ് കെയര്‍ ഭാരവാഹി മോഹന്‍ കുമാര്‍, നഴ്സ് സൗമ്യ എന്നിവരുടെ നേതൃത്വത്തില്‍ മൂലങ്കുഴിയില്‍ മരുമകളുടെ വീട്ടില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: