തൊടുപുഴ: വീണ്ടും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എം.എം.മണി. നിലവിലെ സ്ഥിതി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ജില്ലാ അതിർത്തിയും സംസ്ഥാന അതിർത്തിയും അടച്ചിടുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കു മാത്രമേ സംസ്ഥാന അതിര്‍ത്തിയില്‍ പ്രവേശനം അനുവദിക്കുകയെന്നും ബാക്കിയുള്ള വാഹനങ്ങള്‍ തടയുമെന്നും അദേഹം വ്യക്തമാക്കി. ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടങ്ങളില്‍ ജോലിക്ക് വരുന്ന തമിഴ്നാട് സ്വദേശികളെ അതിര്‍ത്തിയില്‍ തടയുമെന്നും ഈ ജോലികള്‍ 50 ശതമാനം തദേശിയരെ വച്ച് നടത്തട്ടെയെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുമെന്നും അത് തടയാന്‍ സാധിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ സംഭവിക്കുമെന്നും എം.എം മണി ചൂണ്ടിക്കാട്ടി.
തൊടുപുഴ നഗരസഭാ കൗണ്‍സിലറും ജില്ലാ ആശുപത്രിയിലെ നഴ്‌സും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി കളക്ടര്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോളും നിരീക്ഷണത്തിലാണെന്നാണ് വിവരം. ജില്ലയ്‌ക്ക് പുറത്തുനിന്നെത്തിയവരിലാണ് കൂടുതലും വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: