കോട്ടയം: കേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരമെന്നു പറഞ്ഞ് സംസ്ഥാനങ്ങള്‍ അനുവദിക്കുന്ന ഇളവുകള്‍ വിനയാകുന്നു. ഇളവുകളുടെ മറവില്‍ നിന്ത്രണങ്ങള്‍ പൂര്‍ണമായും ലംഘിക്കുന്നതും പോലീസ് പരിശോധന വഴിപാടാകുന്നതുമാണ് രോഗം പലയിടങ്ങളിലും വീണ്ടും തലപൊക്കാന്‍ കാരണം.
ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയും കോട്ടയവും പൊടുന്നനെ ഓറഞ്ച് സോണിലായി. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. രോഗികളുടെ എണ്ണം പെട്ടെന്ന് കൂടിയതാണ് കാരണം. പലര്‍ക്കും രോഗം സമ്പര്‍ക്കം വഴി കിട്ടിയതാണ്.
ഇളവുകള്‍ക്ക് കേന്ദ്രം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ പൂര്‍ണമായും പാലിച്ചാല്‍ പ്രശ്നങ്ങള്‍ വഷളാകില്ല. എന്നാല്‍ അതിന്റെ പേരില്‍, സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിച്ച് എന്നു പറഞ്ഞാണ് ഇളവുകളില്‍ വെള്ളം ചേര്‍ക്കുന്നത്.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കരുതെന്ന് കേന്ദ്രം പറഞ്ഞിട്ടും കേരളം തുറക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നെ വേണ്ടെന്നുവയ്ക്കുകയാണ് ചെയ്തത്. മധ്യപ്രദേശില്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിയ 12 പേരില്‍ 7 പേര്‍ക്ക് രോഗം ബാധിച്ചു. അത് മുടിവെട്ടാന്‍ നേരത്ത് അവരെ പുതപ്പിക്കുന്ന തുണിയില്‍ നിന്നാണെന്നും കണ്ടെത്തി.
കേരളത്തില്‍ അവശ്യവസ്തുക്കടകളും ബേക്കറികളും പച്ചക്കറി കടകളും റേഷന്‍ കടകളും മെഡിക്കല്‍ സ്റ്റോറുകളും തുറക്കുന്നുണ്ട്. പക്ഷെ ഭൂരിപക്ഷം സ്ഥലങ്ങളിലും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ല. ആദ്യമൊക്കെ വരയും വട്ടവും വരച്ചും കയറുകെട്ടിയും കസേരയിട്ടും അകലം പാലിക്കാന്‍ നിഷ്ക്കര്‍ഷിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത്തരം ഒരു നിയന്ത്രണവും ഇല്ല. ജനങ്ങള്‍ പാലിക്കുന്നില്ല, പാലിപ്പിക്കാന്‍ നടപടിയും ഇല്ല.
ആദ്യ നാളുകളില്‍ പോലീസ് പരിശോധന കര്‍ക്കശമായിരുന്നു. സത്യവാങ്മൂലം പൂരിപ്പിച്ചു നല്കാത്തവരെ മടക്കി അയയ്ക്കാന്‍ പോലും അവര്‍ മടിച്ചുമില്ല. ഇപ്പോള്‍ പലയിടത്തും ഗതാഗതം നിയന്ത്രിക്കാന്‍ പ്ലാസിറ്റിക് ബാരിക്കേഡും മറ്റും വച്ചിട്ടുണ്ടെങ്കിലും പോലീസില്ല. ഉള്ളയിടത്തും പരിശോധന വഴിപാടാണ്.
ഇടയ്ക്കിടയ്ക്ക് കൈകഴുണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും ആദ്യം വലിയ നിഷ്കര്ഷയായിരുന്നു. ഇപ്പോള്‍ അത്തരം നിബന്ധനയുമില്ല. ബാങ്കുകളിലും മറ്റും എത്തുന്നവര്‍ സ്റ്റാഫ് നിര്‍ബന്ധിച്ചാല്‍ പോലും സാനിറ്റൈസര്‍ ഉപയോഗിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. നിര്‍ബന്ധം പിടിച്ചാല്‍ ചിലര്‍ കൈകഴുകിയെന്ന് വരുത്തും, ബാങ്ക് ജീവനക്കാര്‍ പറയുന്നു.
ലോക്ഡൗണ്‍ ഇളവുകളില്‍ വെള്ളം ചേര്‍ക്കുകയും കൂടുതലാള്‍ക്കാര്‍ ഇറങ്ങിനടക്കാന്‍ തുടങ്ങുകയും ചെയ്തതാണ് കോട്ടയത്തും ഇടുക്കിയിലും രോഗം കൂടാന്‍ കാരണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
ഡോക്ടര്‍ ഇങ്ങനെ; പിന്നെയെന്തു പറയാന്‍?
കാര്യഗൗരവം വേണ്ട ഡോക്ടര്‍ ഇങ്ങനെയാണ് പെരുമാറിയത്. പിന്നെ സാധാരണക്കാരോട് എന്തു പറയാന്‍ എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇടുക്കിയില്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ക്ക് കൊറോണ പിടിച്ചത് രോഗിയില്‍ നിന്നാണ്. മാര്‍ച്ച് 15നാണ് പനിയുമായ വന്ന സ്ത്രീയെ അവര്‍ പരിശോധിച്ചത്. സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ചയാണ് അവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തത്. അതിനു ശേഷം ഞായറാഴ്ച വരെ അവര്‍ ജോലിക്കെത്തി. ഞായറാഴ്ച അവര്‍ക്കും രോഗം സ്ഥിരീകരിച്ചു. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗങ്ങളിലും അവര്‍ പങ്കെടുത്തു. യോഗം ചേരാമോയെന്നു തന്നെ സംശയമുണ്ട്. ഇതോടെ യോഗത്തില്‍ പങ്കെടുത്തവരും ഡോക്ടറുടെ ചികല്‍സ തേടിയെത്തിയവരും ആശുപത്രി ജീവനക്കാരും എല്ലാം ആശങ്കയിലായി.
താന്‍ പരിശോധിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും ക്വാറന്റൈനില്‍ പോകാതെ ഡോക്ടര്‍ ആശുപത്രിയില്‍ എത്തി. പിന്നെ രോഗം പടര്‍ത്തിയ ചുമട്ടുതൊഴിലാളിയോട് കയര്‍ത്തിട്ട് എന്തു കാര്യമെന്നാണ് ജനങ്ങളുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: