തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കുമ്പോള്‍ കൊറോണ ലക്ഷണം ഇല്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കാനുള്ള തീരുമാനത്തില്‍ ആശങ്ക ഉയരുന്നു. അനുമതി നല്കിയാല് നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ രോഗലക്ഷണം ഉള്ളവരെ മാത്രം സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലാക്കുകയും അല്ലാത്തവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നുമാണ് തീരുമാനം. ഇത് രോഗം പടരുന്നതിന് കാരണമാകുമെന്നാണ് ആശങ്ക.
കൊറോണ വ്യാപനം മറ്റ് രാജ്യങ്ങളില്‍ ശക്തമായത് മുതല്‍ വിദേശത്ത് നിന്നുവരുന്നവരെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ പാര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ അത് അട്ടിമറിച്ച് നിരീക്ഷണം വീടുകളിലേക്ക് മാറ്റി. എല്ലാ ദിവസവും നിരീക്ഷണം നടത്തുമെന്നുപറഞ്ഞാണ് വീടുകളില്‍ എത്തിച്ചത്. എന്നാല്‍ ഇത് പാളിയതോടെ രോഗികളുടെ എണ്ണം കുത്തനെ കൂടി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ പലരും കാലാവധി പൂര്‍ത്തിയാകും മുമ്പ് പുറത്തിറങ്ങി വിവാഹങ്ങളിലും ഉത്സവങ്ങളിലും പങ്കെടുത്തു. കാസര്‍കോട് സമൂഹവ്യാപനത്തിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങി. പത്തനംതിട്ടയിലും തിരുവനന്തപുരത്തും കാസര്‍കോടും കണ്ണൂരുമെല്ലാം രോഗവ്യാപനത്തിന് കാരണമായി.
കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ കൊറോണ സ്ഥിരീകരിച്ച ആള് നിരീക്ഷണ കാലയളവില്എസ്എടി അടക്കമുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു. ഇത്രയൊക്കെ ഉണ്ടായിട്ടും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വീടുകളില്‍തന്നെ നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പറയുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പരിശോധന കഴിഞ്ഞ് രോഗം ഇല്ലെന്ന് ഉറപ്പാക്കുന്നവരെ മാത്രമേ സംസ്ഥാനത്ത് എത്തിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വിദേശത്ത് നിന്ന് വന്ന് നിരീക്ഷണ കാലാവധി കഴിഞ്ഞവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്കയാണ്.
വിദേശത്ത് നിന്ന് കൊണ്ടുവരുന്നവരില്‍ രോഗ ലക്ഷണം ഉള്ളവരുണ്ടെങ്കില്‍ അവരെ നിരീക്ഷിക്കാനായി ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികള്‍, ലോഡ്ജുകള്‍ ഉള്‍പ്പെടെ സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നോര്‍ക്ക രജിസ്ട്രേഷനിലൂടെ എത്രപേര്‍ക്ക് വരാനാകുമെന്ന കണക്ക് ഇതിലൂടെ വ്യക്തമാകും. അതനസുരിച്ചുള്ള സൗകര്യം ഒരുക്കാമെന്ന ചിന്തയിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നും വീട്ടിലുള്ളവരെ എത്രത്തോളം ശ്രദ്ധയോടെ സര്‍ക്കാരിന് നിരീക്ഷിക്കാനാകുമെന്നതും ചോദ്യമായി അവശേഷിക്കുന്നു.
രജിസ്ട്രേഷന് രണ്ടു ലക്ഷം കടന്നു
തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജന്മനാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. നോര്‍ക്കയുടെ വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന് നടക്കുന്നത്. രജിസ്ട്രേഷന് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തത്. യുഎഇയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര് മടങ്ങിവരവിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതിനകം 161 രാജ്യങ്ങളില്‍നിന്ന് 2,20,000 പേര് രജിസ്റ്റര്ചെയ്തുവെന്നാണ് നോര്‍ക്ക അറിയിച്ചത്. അമേരിക്കയില്‍നിന്ന് 500 പേരും യുകെയില്‍നിന്ന് 621 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും നൂറിലേറെ പേര് മടങ്ങിവരവിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: