കണ്ണൂര്‍: കൊറോണ രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടേയും രോഗമുക്തരായവരുടെയും വിവരങ്ങള്‍ കണ്ണൂരിലും ചോര്‍ന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിര്‍മിച്ച ആപ്പിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഗൂഗിള്‍ മാപ്പില്‍ രോഗികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിരുന്നു. സൈബര്‍ സെല്‍ തയാറാക്കിയ പേരും വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിയ ഗൂഗിള്‍ മാപ്പ് ലിങ്കാണ് ചോര്‍ന്നത്.
സ്വകാര്യ കമ്പനികളില്‍ നിന്നു കൊറോണ രോഗികളെ വിളിച്ചതോടെയാണ് വിവരങ്ങള്‍ ചോര്‍ന്ന കാര്യം പുറത്തറിഞ്ഞത്. കണ്ണൂരിലെയും മാഹിയിലെയും മുഴുവന്‍ കൊറോണ ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്‍ഡറി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച ആപ്പ് പോലീസ് വകുപ്പാണ് വികസിപ്പിച്ചെടുത്തത്. ഇക്കഴിഞ്ഞ 22 നാണ് ആപ്പ് പ്രവര്‍ത്തനക്ഷമമായത്.
രോഗികളുടെ പേര് വിവരങ്ങളും വിലാസവും ഇവരുടെ താമസസ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണ് ആപ്പിലൂടെ ലഭിക്കുക. പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത വിധത്തില്‍ ആപ്പ് പാസ്വേര്ഡിന്റെ നിയന്ത്രണത്തിലാണ് ആപ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഈ പാസ്വേര്ഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ആപ്പിലെ വിവരങ്ങള്‍ പുറത്തായതെന്നാണ് സൂചന. അതേസമയം ആപ്പിലെ വിവരങ്ങള്‍ ചില സ്വകാര്യ ആശുപത്രികള്‍ക്കും മറ്റും ചോര്‍ത്തി നല്‍കിയതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കൊറോണ പോസിറ്റീവായ രോഗികളുടെ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവി, സ്പെഷ്യല്‍ ഡിവൈഎസ്പി, സ്റ്റേറ്റ് കണ്ട്രോള് റൂം എന്നിങ്ങനെ മൂന്ന് മേഖലകളിലേക്കാണ് ഡിഎംഒ കൈമാറുന്നത്. ഇതിലേതെങ്കിലും മേഖലയില്‍ നിന്നാവാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സംശയിക്കുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. പോലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് വ്യക്തമാക്കുന്നത്. പോലീസിന്റെ വീഴ്ചയെ കുറിച്ച് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നറിയുന്നു. വിവരങ്ങള്‍ ചോര്‍ന്നത് വിവാദമായതോടെ സൈബര്‍ വിങിലെ പോലീസുകാര്‍ തന്നെ ആപ്പ് മരവിപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കണ്ണൂരില്‍ സിപിഎം നേതൃത്വത്തിനും ചില സ്വകാര്യ ആശുപത്രികള്‍ക്കും കൊറോണ രോഗികളുടെ വിവരങ്ങള്‍ ലഭിച്ചതായി നേരത്തെതന്നെ ആരോപണം ഉണ്ടായിരുന്നു. നേരത്തെ തന്നെ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് രോഗികളില്‍ ചിലരെ വിളിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. അതിനു പിന്നാലെയാണ് മറ്റിടങ്ങളിലേക്കും വിവര ചോര്‍ച്ചയുണ്ടായത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൊറോണ രോഗികളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലും വിവരങ്ങള്‍ ചോര്‍ന്ന വിവരം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: