ന്യൂദല്‍ഹി: റോയല്‍ ചലഞ്ചേഴ്സ് താരങ്ങളായ വിരാട് കോഹ്ലിയും എ.ബി. ഡിവില്ലിയേഴും 2016ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റെക്കോഡ് സ്ഥാപിക്കാനായി ഉപയോഗിച്ച് ബാറ്റ് അടക്കമുള്ള ക്രിക്കറ്റ് കിറ്റ്് ലേലം ചെയ്യുന്നു. ഇന്ത്യയിലേയും ദക്ഷിണാഫ്രിക്കയിലേയും കൊറോണ ബാധിതരെ സഹായിക്കുന്നതിന് ഫണ്ട് കണ്ടെത്താനാണ് കോഹ്ലിയുടെ ബാറ്റും ഗ്ലൗസും ഡിവില്ലിയേഴ്സിന്റെ ജേഴ്സിയും ബാറ്റും ലേലം ചെയ്യുന്നത്.
ഡിവില്ലിയേഴ്സാണ് ഈ കാര്യം ട്വിറ്ററിലുടെ അറിയിച്ചത്. ലേലത്തില്‍ ലഭിക്കുന്ന തുക തുല്യമായി ഇന്ത്യയിലേയും ദക്ഷിണാഫ്രിക്കയിലേയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും.
2016 ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കോഹ്ലിയും ഡിവില്ലിയേഴ്സും 229 റണ്‍സ് നേടിയാണ് റെക്കോഡിട്ടത്. 96 പന്തിലാണ് ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. രണ്ട് പേരും സെഞ്ചറിയും കുറിച്ചു. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് 144 റണ്‍സിന് വിജയിച്ചു.
ക്രിക്കറ്റ് എനിക്ക് ഒട്ടേറെ അവിശ്വസനീമായ സ്മരണകള്‍ സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കോഹ്ലിക്കൊപ്പം പടുത്തുയര്‍ത്തിയ റെക്കോര്‍ഡ് കൂട്ടുകെട്ടെന്ന് ഡിവില്ലിയേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്നവരെ സഹായിക്കാനായി കോഹ്ലിയും ഞാനും അന്ന് ഉപയോഗിച്ച ബാറ്റും മറ്റ് സാമഗ്രികളുമൊക്കെ ലേലം ചെയ്യാന്‍ തീരുമാനിച്ചെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. ഡിവില്ലിയേഴ്സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിരാട് കോഹ്ലി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: