കാസര്‍കോട്: റേഷന്‍ വ്യാപാരികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് റേഷന്‍ വ്യാപാരികള്‍ നടത്തുന്നത് ആരോഗ്യ പ്രവര്‍ത്തകരെ പോലെ തന്നെ വലിയ സേവനമാണ്. പക്ഷേ പിണറായി സര്‍ക്കാര്‍ ഇവരെ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും പരിവാര ഗണങ്ങള്‍ക്കും ആവശ്യമായ തൂവാലകള്‍ക്ക് വേണ്ടി പതിനായിരങ്ങള്‍ ചിലവാക്കി ധൂര്‍ത്തടിക്കുന്ന ഇടതുസര്‍ക്കാര്‍, ആഴ്ച്ചയില്‍ ഒരു അവധിപോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പൊതുവിതരണ കേന്ദ്രഡീലര്മാര്ക്ക് മാസ്കോ മറ്റു സുരക്ഷ സംവിധാനങ്ങളോ വിതരണം ചെയ്യാന്‍ തയ്യാറാകാത്തത് കടുത്ത അനീതിയാണ്.
കൂടാതെ റേഷന്‍ വാങ്ങാന്‍ വരുന്നവര്‍ സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ കുറ്റം ചെയ്യാത്ത റേഷന്‍ കട ഉടമ ആയിരം രൂപ പിഴ ശിക്ഷ അടക്കണമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല. കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.സ്വന്തം ജീവന് പോലും പണയപ്പെടുത്തി സേവനം ചെയ്യുന്ന നിരപരാധികളായ വ്യപാരികളെ ശിക്ഷിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
റേഷന്‍ കടയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്ക് സാനിട്ടൈസര്‍ ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സൗജന്യമായി ഭരണകൂടം നല്‍കണം. സാമുഹ്യ അകലം അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ റേഷന്‍ കടകളില്‍ പോലീസിനേയോ മറ്റു ഏജന്‍സികളേയോ വിന്യസിക്കണമെന്നും സംസ്ഥാന സര്‍ക്കാറിനോട് ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: