ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാനാണു മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാനേജര്‍മാരുടെയും അക്കൗണ്ടുകളും മരവിപ്പിക്കും. ഈ അക്കൗണ്ടുകളില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു.
പ്രമുഖ മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ വ്യവസായ സാമ്രാജ്യം തകര്‍ത്ത ശക്തികള്‍ തന്നെയാണ് ബി.ആര്‍ ഷെട്ടിക്കെതിരെ കരുക്കള്‍ നീക്കുന്നത്. ബാങ്ക് കടത്തിന്റെ പേരു പറഞ്ഞായിരുന്നു രാമചന്ദ്രനെ കേസില്‍ പെടുത്തി വ്യവസായ സംരംഭങ്ങളെല്ലാം അടപ്പിച്ചു. ബിസിനസ്സ് ചെയ്യാന്‍ ബാങ്കു വായ്പ എടുത്തത് പെട്ടന്ന് തിരിച്ചടയ്‌ക്കാന്‍ പറഞ്ഞപ്പോള്‍ ഉണ്ടായ പ്രതിസന്ധിയാണെന്നും തിരിച്ചടയ്‌ക്കാനുള്ള തുകയുടെ പതിന്മടങ്ങ് ആസ്തി ഉണ്ട് എന്നുമുള്ള രാമചന്ദ്രന്റെ വാദം കേട്ടില്ല. ബി ആര്‍ ഷെട്ടിക്കെതിരായ നീക്കവും സമാനരീതിയില്‍ ബാങ്കുകളെ ഉപയോഗിച്ചാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫ് അലിക്ക് മുന്‍പ് വര്‍ഷങ്ങളോളം ഏറ്റവും വലിയ പ്രവാസി സമ്പന്നന്‍ എന്ന പദവിയിലിരുന്നത് ഷെട്ടിയായിരുന്നു.
കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ഷെട്ടി. മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഷെട്ടിക്ക് വേണ്ടി വോട്ടുപിടിക്കാന്‍ അടല്‍ ബിഹാരി വാജ്പേയി അടക്കമുള്ള ദേശീയ നേതാക്കളെത്തി. പതിനഞ്ചില്‍ പന്ത്രണ്ടു സീറ്റും നേടി ഉടുപ്പി നഗരസഭ ജനസംഘം പിടിച്ചെടുക്കുകയും ഷെട്ടി വൈസ് പ്രസിഡന്റാവുകയും ചെയ്തു. രാഷ്‌ട്രീയത്തിലിറങ്ങി കടക്കാരനായത് വീട്ടാന്‍ എഴുപതുകളുടെ തുടക്കത്തില്‍ അബുദാബിയിലെത്തിയ ഷെട്ടിയുടേത് ആരെയും അതിശയിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു.
ആദ്യത്തെ മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആയി കുറച്ചു കാലം പ്രവര്‍ത്തിച്ചു. ന്യൂ മെഡിക്കല്‍ കെയര്‍ ഹെല്‍ത്ത് എന്ന ക്ലിനിക്ക്. കൂടുതല്‍ മികച്ച പരിചരണം ലഭ്യമാകുന്ന, ജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കുകള്‍ ഉള്ള ആരോഗ്യസ്ഥാപനം എന്നനിലയില്‍ ന്യൂ മെഡിക്കല്‍ കെയര്‍ ഹെല്‍ത്ത് എന്ന ക്ലിനിക്ക് സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. ഷെട്ടിയുടെ സങ്കല്‍പം. എട്ടു രാജ്യങ്ങളിലെ പന്ത്രണ്ടു നഗരങ്ങളിലായി 45 സ്ഥാപനങ്ങളായി അത് വളര്‍ന്നു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രീമിയം സെഗ്മെന്റില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ ജിസിസി കമ്പനിയും അതു തന്നെ ആയിരുന്നു.
1980 ല്‍ ‘യുഎഇ എക്സ്ചേഞ്ച്’ എന്ന ധനകാര്യ സ്ഥാപനം തുടങ്ങി. ഗള്‍ഫിലെ യുഎഇ എക്സ്ചേഞ്ചില്‍ അവിടത്തെ കറന്‍സിയില്‍ പണമടച്ചാല്‍, കേരളത്തിലെ കേന്ദ്രങ്ങളില്‍ നിന്ന് രൂപയില്‍ പണം ബന്ധുക്കള്‍ക്ക് പിന്‍വലിക്കാനുള്ള സൗകര്യം. ആദ്യം ഇന്ത്യയെ ലക്ഷ്യമിട്ട് തുടങ്ങിയ ഈ കമ്പനിയും 2016 ആയപ്പോഴേക്കും 31 രാജ്യങ്ങളിലായി 800 ലധികം നേരിട്ടുള്ള ഓഫീസുകളോടുകൂടിയ ഒരു ബൃഹദ് സ്ഥാപനമായി മാറി. 2014 ല്‍ യുഎഇ എക്സ്ചേഞ്ച് നടത്തിയത് 5000 കോടി ഡോളര്‍ മതിപ്പുള്ള എക്സ്ചേഞ്ച് ഇടപാടുകളായിരുന്നു.
2003 ല്‍ ഷെട്ടി ‘എന്‍ എം സി നിയോ ഫാര്‍മ’ എന്നപേരില്‍ യുഎഇ കേന്ദ്രീകരിച്ച് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ സ്ഥാപനം തുടങ്ങി. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിങ്ങിലൂടെ ഷെട്ടി 2012 ല്‍ സമാഹരിച്ചത് 33 കോടി ഡോളറായിരുന്നു. അതുപയോഗിച്ചാണ് ഷെട്ടി അന്ന് അബുദാബിയിലെ ഖലീഫ സിറ്റിക്കടുത്ത് തന്റെ ആശുപത്രി നിര്‍മിച്ചത്. ബിആര്‍എസ് വെന്‍ച്വേഴ്സ് എന്ന ബ്രാന്‍ഡില്‍ ഉഡുപ്പി, അലക്സാന്‍ഡ്രിയ, നേപ്പാള്‍, കെയ്റോ എന്നിവിടങ്ങളിലും ഷെട്ടിക്ക് ആശുപത്രികളുണ്ടായിരുന്നു.
ബുര്‍ജ് ഖലീഫയില്‍ നൂറാമത്തെയും നൂറ്റിനാല്പതാമത്തെയും നിലകള്‍ അദ്ദേഹത്തിന് സ്വന്തമായിരുന്നു. ഏഴു റോള്‍സ് റോയ്സും, ഒരു മെയ്ബാക്കും, ഒരു വിന്റേജ് മോറിസ് മൈനറും സ്വന്തമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി മഹാഭാരതം നിര്‍മിക്കും എന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും പ്രോജക്റ്റ് മുന്നോട്ടുപോയില്ല. 2013 ല്‍ തിരുവനന്തപുരത്തുള്ള ശ്രീഉത്രാടം തിരുനാള്‍ ആശുപത്രിയും ബിആര്‍ ഷെട്ടി ഗ്രൂപ്പ് വിലക്കുവാങ്ങി. 2018 ലെ ഫോബ്സിന്റെ വിലയിരുത്തല്‍ പ്രകാരം അദ്ദേഹത്തിന്റെ വ്യക്തിപരമായ സമ്പാദ്യം മാത്രം ഏകദേശം 420 കോടി ഡോളര്‍ വരുമായിരുന്നു.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മെഡിക്കല്‍ കെയര്‍ ഹെല്‍ത്ത് കമ്പനിയില്‍ ചില സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം വന്നതോടെയാണ് ഷെട്ടിയ്‌ക്ക് പ്രശ്നം ഉണ്ടാകുന്നത്. കമ്പനിയുടെ സ്റ്റോക്ക് വില മൂന്നിലൊന്നായി ഇടിഞ്ഞു. ഷെട്ടിയുടെ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന സ്ഥാനങ്ങളിലുള്ള പല എക്സിക്യൂട്ടീവുകളും രാജിവെച്ചു. ഷെട്ടി സ്വയം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന സ്ഥാനം രാജിവെച്ചു.
തന്റെ സ്ഥാപനത്തില്‍ ഇത്രക്ക് ക്രമക്കേടുകള്‍ എങ്ങനെ നടന്നു എന്നറിയാന്‍ വേണ്ടി സ്വകാര്യ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുകയാണ് എന്നും ഫലം കിട്ടുന്ന മുറയ്‌ക്ക് സര്‍ക്കാര്‍ ഏജന്‍സികളുമായി പങ്കുവെക്കും എന്നും അദ്ദേഹം പറഞ്ഞു. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (96.3 കോടി ഡോളര്‍), ദുബായ് ഇസ്ലാമിക് ബാങ്ക് (54.1 കോടി ഡോളര്‍), അബുദാബി ഇസ്ലാമിക് ബാങ്ക് (32.5 കോടി ഡോളര്‍), സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് (25 കോടി ഡോളര്‍), ബാര്‍ക്ലെയ്സ് ബാങ്ക് (14.6 കോടി ഡോളര്‍) എന്നിങ്ങനെയാണ് ഷെട്ടിക്ക് കൊടുത്തുതീര്‍ക്കാനുള്ള ബാധ്യതകള്‍. ആകെ എണ്‍പതിലധികം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണം കൊടുക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: