ന്യൂദല്‍ഹി: തൊറോണയെ നേരിടാന്‍ ലോക്ഡൗണ്‍ നിര്‍ണായകമാണെന്നും സാമൂഹിക അകലമെന്നത് എല്ലാവരുടേയും മന്ത്രമാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ ലോക്ഡൗണ്‍ നടപടികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഘാലയ, മിസോറം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഒഡിഷ, ബിഹാര്‍, ഗുജറാത്ത്, ഹരിയാന മുഖ്യമന്ത്രിമാരാണു പ്രധാനമന്ത്രിയുമായി സംസാരിച്ചത്.
കൊറോണയെന്ന മഹാമാരി ദീര്‍ഘകാലത്തേയ്ക്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി സാമൂഹിക അകലമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും പറഞ്ഞു. മുഖാവരണവും മാസ്കുകളും ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായി മാറണം. കൊവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒത്തൊരുമിച്ചു നടത്തുന്ന നടപടികളെ പ്രധാനമന്ത്രി പ്രകീര്‍ത്തിക്കുകയും ചെയ്തു.
ലോക്ഡൗണ്‍ നീട്ടണമെന്ന് മേഘാലയയും ഒഡിഷയും ആവശ്യപ്പെട്ടു. കൂടുതല്‍ പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കണമെന്നായിരുന്നു പുതുച്ചേരിയുടെ ആവശ്യം. ഡോര്‍ ടു ഡോര്‍ സ്ക്രീനിങ് ആരംഭിച്ചതായി ബിഹാര്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തു നാലു കോടി ആളുകളെയാണ് ബിഹാറില്‍ പരിശോധിച്ചത്. ജനങ്ങളോട് ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും മോദി നിര്‍ദേശിച്ചു.
പൊതുഗതാഗതം പുനരാരംഭിക്കുന്നതിനെ മിക്ക സംസ്ഥാനങ്ങളും അനുകൂലിക്കുന്നില്ല. തൊഴില്‍ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കു മാത്രമായി പൊതു ഗതാഗതം പരിമിതപ്പെടുത്തുകയെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. കര്‍ശന നിയന്ത്രണമുള്ള ഹോട്സ്പോട്ടുകളില്‍ ഒഴികെ മറ്റു മേഖലകളില്‍ ലോക്ഡൗണിന് ഇപ്പോള്‍ തന്നെ ഇളവുകളുണ്ട്. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനും അകല വ്യവസ്ഥ പാലിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളായി ലോക്ഡൗണ്‍ പലയിടത്തും മാറി. ഇതേ രീതി തുടരുകയെന്നതാണ് കേന്ദ്രത്തിന്റെയും പല സംസ്ഥാനങ്ങളുടെയും ആലോചന.
കൊവിഡ് മഹാമാരി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന മൂന്നാമത്തെ യോഗമാണിത്. അതേസമയം ഇന്നു സംസാരിക്കാനുള്ള പട്ടികയില്‍ പേരില്ലാത്തതിനാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തില്ല. ചീഫ് സെക്രട്ടറിയാണു കേരളത്തെ പ്രതിനിധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: